LiveTV

Live

Kerala

കണ്ണിന് ക്യാന്‍സറുമായി രണ്ടര വയസ്സുകാരി, ചികിത്സാ സൗകര്യമൊരുക്കി സോഷ്യൽ സെക്യൂരിറ്റി മിഷൻ

കണ്ണിന് ബാധിച്ച ക്യാന്‍സറില്‍ ജിന്‍സിയുടെ വലത് കണ്ണിന്‍റെ കാഴ്ച നഷ്ടമായ അവസ്ഥയിലാണ്

കണ്ണിന് ക്യാന്‍സറുമായി രണ്ടര വയസ്സുകാരി, ചികിത്സാ സൗകര്യമൊരുക്കി സോഷ്യൽ സെക്യൂരിറ്റി മിഷൻ

കണ്ണിന് ക്യാന്‍സറുമായി ചികിത്സയിലുള്ള രണ്ടര വയസുകാരിക്ക് ചികിത്സാ സൗകര്യമൊരുക്കി സോഷ്യൽ സെക്യൂരിറ്റി മിഷൻ. എറണാകുളം മണീടില്‍ വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ബിജു, മഞ്ജു ദമ്പതികളുടെ ഇളയ മകളായ രണ്ടര വയസുകാരി ജിൻസിയുടെ ചികിത്സയ്ക്കാണ് സാമൂഹ്യ സുരക്ഷാ മിഷന്‍റെ ഇടപെടൽ ആശ്വാസമായത്. കണ്ണിന് കാൻസർ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ 7 മാസമായി മധുര അരവിന്ദ് കണ്ണാശുപത്രിയിലെ ചികിത്സയിലാണ് ജിൻസി. അസുഖം മൂലം വലതുകണ്ണ് കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇടതു കണ്ണിനെ സംരക്ഷിക്കാനുള്ള തീവ്ര ശ്രമത്തിനിടയിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. കീമോതെറാപ്പി നടന്നു വന്ന ഘട്ടത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ചികിത്സ മുടങ്ങുന്ന അവസ്ഥയായി.

ജിൻസി അച്ഛനും അമ്മക്കുമൊപ്പം ചികിത്സയ്ക്കായി മധുരയിലേക്ക് പുറപ്പെടുന്നു.
ജിൻസി അച്ഛനും അമ്മക്കുമൊപ്പം ചികിത്സയ്ക്കായി മധുരയിലേക്ക് പുറപ്പെടുന്നു.

ചികിത്സയ്ക്കായി പല വഴികൾ ശ്രമിച്ചെങ്കിലും വിജയിക്കുകയുണ്ടായില്ല. തുടർന്ന് മതാപിതാക്കളായ ബിജുവും മഞ്ജുവും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറെ ബന്ധപ്പെട്ട് ജിൻസിയുടെ അവസ്ഥ അവതരിപ്പിച്ചു. ഇതേ തുടർന്ന് കുട്ടിയ്ക്ക് ആവശ്യമായ ചികിത്സാ സൗകര്യമൊരുക്കാൻ മന്ത്രിയുടെ ഓഫീസ് സാമൂഹ്യ സുരക്ഷാ മിഷന് ഉടൻ നിർദ്ദേശം നൽകുകയും ചെയ്തു. മധുര അരവിന്ദ് ആശുപത്രിയിൽ പോയി കീമോ തെറാപ്പി ചെയ്ത് മടങ്ങി വരുന്നതിനുള്ള ആംബുലൻസും മറ്റ് ചികിത്സാ ചെലവുകളുമാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ 5.30ന് ജിൻസിയും മാതാപിതാക്കളായ മഞ്ജുവും ബിജുവും സർക്കാർ അനുവദിച്ച ആംബുലൻസിൽ ചികിത്സയ്ക്കായി മധുരയിലേക്ക് പുറപ്പെട്ടു. സർക്കാരിന്‍റെ സത്വര ഇടപെടലിൽ വലിയ ആശ്വാസത്തിലാണ് ജിൻസിയുടെ കുടുംബം. ഏഴാം ക്ലാസ് വിദ്യാർത്ഥി സുജിൻ, അഞ്ചാം ക്ലാസ് വിദ്യാർത്ഥി സുബിൻ എന്നിവർ ജിൻസിയുടെ സഹോദരങ്ങളാണ്.