LiveTV

Live

Kerala

പ്രവാസികളുടെ മടക്കം; കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യൂത്ത് ലീഗിന്‍റെ പ്രതിഷേധം, മന്ത്രി ടി.പി രാമകൃഷ്ണനെ തടഞ്ഞു

സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു

പ്രവാസികളുടെ മടക്കം; കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യൂത്ത് ലീഗിന്‍റെ പ്രതിഷേധം, മന്ത്രി ടി.പി രാമകൃഷ്ണനെ തടഞ്ഞു

പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് യൂത്ത് ലീഗിന്‍റെ പ്രതിഷേധം. കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ മന്ത്രി ടി.പി രാമകൃഷ്ണനെ സമരക്കാര്‍ തടഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

പ്രവാസികളെ മടക്കിക്കൊണ്ടു വരാനായി അടിയന്തിര നടപടി ആവശ്യപ്പെട്ട് കോഴിക്കോട് കലക്ട്രേറ്റിന് മുന്നിലായിരുന്നു യൂത്ത് ലീഗ് നിയമ ലംഘന സമരം സംഘടിപ്പിച്ചത്. സംസ്ഥാന ജനറല്‍ സിക്രട്ടറി പി. കെ ഫിറോസിന്‍റെ നേതൃത്വത്തിലായിരുന്നു സമരം. കലക്ട്രേറ്റിലെ പ്രധാന ഗേറ്റ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നതിനിടയിലായിരുന്നു ടി.പി രാമകൃഷ്ണന്‍ അപ്രതീക്ഷിതമായി സ്ഥലത്തെത്തിയത്. ഈ സമയത്ത് പത്തില്‍ താഴെ പൊലീസുകാരായിരുന്നു സ്ഥലത്തുണ്ടായിരുന്നത്.

മറ്റൊരു ഗേറ്റിലൂടെ മന്ത്രിയെ കലക്ട്രേറ്റിലേക്ക് കടത്തി വിടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ തടഞ്ഞു. മന്ത്രി കടന്നു പോയതിനു ശേഷം പ്രവര്‍ത്തകര്‍ വീണ്ടും ഉപരോധ സമരമാരംഭിച്ചു. കൂടുതല്‍ പൊലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രവാസി വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലും യൂത്ത് ലീഗ് പ്രതിഷേധിച്ചു. പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പാലക്കാട് കലക്ടറേറ്റിന് മുന്നിലും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി.