LiveTV

Live

Kerala

കാത്തിരിപ്പിന് വിരാമം; പിഴല-ചേന്നൂര്‍-ചരിയംതുരുത്ത് റോഡിന്‍റെ ആദ്യഘട്ട ഉദ്ഘാടനം ഉടന്‍

2013 ഡിസംബർ 29 നാണ് പാലത്തിന്റെ നിർമാണോദ്ഘാടനം നടന്നത്

കാത്തിരിപ്പിന് വിരാമം; പിഴല-ചേന്നൂര്‍-ചരിയംതുരുത്ത് റോഡിന്‍റെ ആദ്യഘട്ട ഉദ്ഘാടനം  ഉടന്‍

പാലം പണി പൂര്‍ത്തിയായിട്ടും കരതൊടാനാകാതെ കാത്തിരിപ്പിലായിരുന്നു എറണാകുളം പിഴലക്കാര്‍. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആ സ്വപ്നം സഫലമാകുകയാണ്. മൂലമ്പിള്ളി -ചാത്തനാട് റോഡ് നിർമ്മാണത്തിന്‍റെ ആദ്യ ഘട്ടമായ മൂലമ്പിള്ളി -പിഴല പാലത്തിന്‍റെയും പിഴല കണക്ടിവിറ്റി പാലത്തിന്‍റെയും നിർമ്മാണമാണ് നിലവില്‍ പൂർത്തിയായത്. ഇതിന്‍റെ ഉദ്ഘാടനത്തിനൊപ്പം 350 മീറ്റർ നീളമുള്ള അപ്രോച്ച് റോഡിന്‍റെ നിർമ്മാണ ഉദ്ഘാടനവും ഉടന്‍ തന്നെ നിര്‍‌വഹിക്കും.

പിഴലയിലെ ജങ്കാര്‍ സര്‍വീസ്
പിഴലയിലെ ജങ്കാര്‍ സര്‍വീസ്

679 വര്‍ഷം മുമ്പ് പെരിയാറിലെ വെള്ളപ്പൊക്കത്തില്‍ ഉണ്ടായതെന്ന് കരുതുന്ന ദ്വീപ് സമൂഹമാണ് പിഴല. നൂറ്റാണ്ടുകളായി ജങ്കാറിലായിരുന്നു പിഴല നിവാസികള്‍ മറുകര തൊട്ടത്. കടമക്കുടി പഞ്ചായത്തിന്‍റെ ആസ്ഥാനമാണെങ്കിലും പാലമില്ലാത്തതിനാല്‍ വികസനം എത്താത്ത അവസ്ഥയിലായിരുന്നു പിഴല. നടപ്പാതെ കൂടാതെ 7.5 മീറ്റർ വീതിയില്‍ 714 മീറ്റർ നീളമാണ് പിഴല പാലത്തിനുള്ളത്. പാലം തുറക്കുന്നതോടെ വലിയ കടമക്കുടി, ചേന്നൂർ, ചരിയംതുരുത്ത്, ചാത്തനാട് ഭാഗങ്ങളിൽ നിന്നുള്ളവർക്കും ഉപകാരമാകും.

വലിയ കടമക്കുടിയിൽ നിന്നു വരാപ്പുഴ വഴി മൂലമ്പിള്ളിയിലെത്താൻ നിലവില്‍ 11 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കേണ്ടത്. പുതിയ പാലത്തിലൂടെ 2 കിലോമീറ്റർ മാത്രം യാത്രചെയ്താല്‍ മതി. കടമക്കുടി പഞ്ചായത്തിലെ 3 വാർഡുകളാണ് പിഴല ദ്വീപിൽ ഉള്‍പ്പെടുന്നത്. 952 വീടുകളാണ് ദ്വീപിലുള്ളത്. കോവിഡ് - 19 മൂലം മാർച്ചിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചില്ല. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണ ചുമതല.

പിഴല ദ്വീപ്
പിഴല ദ്വീപ്

ജില്ലാ കലക്ടറും ഗോശ്രീ ഡവലപ്മെന്‍റ് അതോറിറ്റി ചെയർമാനുമായ എസ്. സുഹാസിന്‍റെയും എസ്. ശർമ എം എൽ എ യുടെയും, നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് പിഴല - ചേന്നൂര്‍ - ചരിയംതുരുത്ത് റോഡിന്റെ ആദ്യഘട്ടം ഉടന്‍ ഉദ്ഘാടനം ചെയ്യാന്‍‌ തീരുമാനിച്ചത്. പാലം നിര്‍മാണവും അനുബന്ധ ജോലികളും ഉഴഞ്ഞ് നീങ്ങുന്നതിനെതിരെ ശക്തമായ സമരങ്ങളായിരുന്നു പ്രദേശവാസികള്‍ നടത്തിയത്.