LiveTV

Live

Kerala

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം: പൊലീസ് പ്രതിയിലേക്ക് എത്തിയത് ഇങ്ങനെ

23 കാരനായ പ്രതി ബിലാല്‍ ദമ്പതികളുടെ മുന്‍ അയല്‍ക്കാരന്‍; കൊലപാതകം നടത്തിയത് നാടുവിട്ടുപോകാനാവശ്യമായ പണം മോഷ്ടിക്കാന്‍

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം: പൊലീസ് പ്രതിയിലേക്ക് എത്തിയത് ഇങ്ങനെ

കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് ഷീബ കൊലക്കേസില്‍ പ്രതി പിടിയിലായി‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ എന്ന 23 കാരനാണ് പിടിയിലായത്‍. എറണാകുളത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ ഒരു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.

സംഭവം നടന്ന ദിവസത്തിന് തലേന്ന് സ്വന്തം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു പ്രതി. നാട് വിട്ടുപോകാനായി കാശ് തരപ്പെടുത്താനായി അന്ന് രാത്രി പലയിടങ്ങളിലും കറങ്ങിനടന്ന ശേഷം അതിരാവിലെ തന്നെ ഷീബയുടെയും ഭര്‍ത്താവി സാലിയുടെയും വീട്ടിലെത്തുകയായിരുന്നു. മോഷണമായിരുന്നു പ്രതിയുടെ ലക്ഷ്യം. വീട്ടുകാര്‍ ഉണരാതിരുന്നത് കണ്ട് അപ്പോള്‍ തിരിച്ചുപോയി. വീണ്ടും വന്നപ്പോള്‍, പ്രതിയെ നേരത്തെ പരിചയമുള്ളത് കൊണ്ട് കൊല്ലപ്പെട്ട ഷീബ വാതില്‍ തുറന്നുകൊടുത്തു. ചായ കൊടുത്ത് ഷീബ അകത്തേക്ക് പോയ സമയത്ത് പ്രതി സാലിയെ ആക്രമിക്കുകയായിരുന്നു. അത് കണ്ട് ഓടി വന്ന ഷീബയെയും പ്രതി ആക്രമിച്ചു. അതിന് ശേഷം തെളിവുകള്‍ നശിപ്പിക്കാനായിട്ട് ഗ്യാസ്‍ കുറ്റി അവിടെ കൊണ്ടുവന്ന് തുറന്നിട്ടു. കറണ്ട് കമ്പി ഇരുവരുടെയും ദേഹത്ത് ചുറ്റി വെച്ചിരുന്നു. പക്ഷേ, ഷോക്ക് അടിപ്പിച്ചിരുന്നില്ല.

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം പ്രതി അറസ്റ്റില്‍:  പ്രതി 23 കാരന്‍
Also Read

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം പ്രതി അറസ്റ്റില്‍: പ്രതി 23 കാരന്‍

അതിന് ശേഷം ബെഡ്‌റൂമില്‍ കയറി അലമാരയില്‍ നിന്ന് പണവും ആഭരണങ്ങളും എടുത്തു. ഷീബയുടെ ദേഹത്ത് കിടന്ന ആഭരണങ്ങളും കൈക്കലാക്കി. പെട്ടെന്ന് തന്നെ രക്ഷപ്പെടുക എന്ന ഉദ്ദേശ്യത്തിലാണ് വീടിനുള്ളില്‍ നിന്ന് താക്കോല്‍ കൈക്കലാക്കി വീട്ടുകാരുടെ കാറുമായി പ്രതി കടന്നു കളഞ്ഞത്. വീട്ടുമുറ്റത്ത് കിടന്നിരുന്ന ചുവന്ന വാഗണര്‍ കാറിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞതാണ് കൊലപാതകിയിലേക്കുള്ള സൂചന പൊലീസിന് നല്‍കിയത്. കാറില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുവെന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.

മോഷണം പോയ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിലാലിനെ കസ്റ്റഡിയിലെടുത്ത്. കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോട്ടയത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ചാണ് പൊലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനെ തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വീട്ടമ്മയുടെ കൊലപാതകം: വീട്ടുമുറ്റത്തെ കാറ് കൊണ്ടുപോകുന്നത് സിസിടിവിയില്‍ വ്യക്തം
Also Read

വീട്ടമ്മയുടെ കൊലപാതകം: വീട്ടുമുറ്റത്തെ കാറ് കൊണ്ടുപോകുന്നത് സിസിടിവിയില്‍ വ്യക്തം

പ്രതി ബിലാല്‍ ദമ്പതികളുടെ വീടിന് അടുത്ത് നേരത്തെ താമസിച്ചിരുന്ന ആളാണ്. ആ പരിചയം വീട്ടുകാരോട് ഉണ്ടായിരുന്നു. മോഷണം തന്നെയായിരുന്നു ദമ്പതികളെ കാണാന്‍ വരുമ്പോള്‍ പ്രതിയുടെ ലക്ഷ്യമെന്നും കോട്ടയം എസ്‍പി ജി ജയദേവ് പറഞ്ഞു.

പ്രതിയെ കുടുക്കിയത് ഷോക്കടിപ്പിക്കാനുള്ള ശ്രമം

പലയിടങ്ങളിലായി പാചകക്കാരനായിട്ടാണ് പ്രതി ബിലാല്‍ ജോലി നോക്കിയതെങ്കിലും അത്യാവശ്യം ഇലക്ട്രിക്കല്‍, പ്ലബിംഗ് ജോലികളും അറിയാമായിരുന്നു. കൊലപാതകത്തിന് ശേഷം ദമ്പതികളെ ഷോക്ക് അടിപ്പിക്കാനായി വയര്‍ കണക്ട് ചെയ്ത രീതി, ഇലക്ട്രിക്കല്‍ ജോലി അറിയുന്ന ഒരാള്‍ ചെയ്യുന്ന തരത്തിലുള്ളതായിരുന്നു. ഇത്തരം ജോലി അറിയുന്ന, സിസിടിവി ദൃശ്യങ്ങളില്‍ കണ്ട വ്യക്തിയുമായി സാമ്യമുള്ള വ്യക്തികളില്‍ നടത്തിയ അന്വേഷണമാണ് ബിലാലിലെത്തിച്ചതെന്നും പൊലീസ് പറഞ്ഞു. മുമ്പ് നേരത്തെ ഒന്ന് രണ്ട് കേസുകളില്‍ പ്രതിയായിരുന്നു ഇയാള്‍.

രാവിലെ എട്ടരയ്ക്കും ഒമ്പതരയ്ക്കും ഇടയിലാണ് കൊലപാതകം നടന്നത്. സംഭവദിവസം രാവിലെ പത്ത് മണിയോടെയാണ് കാർ വീട്ടിൽ നിന്ന് കൊണ്ട് പോയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തെളിഞ്ഞിരുന്നു.

താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം
Also Read

താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം

വീട്ടമ്മയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലം

കോട്ടയം താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. മരണത്തിലേക്ക് നയിക്കാവുന്ന ഒന്നിലധികം മുറിവുകള്‍ ഉണ്ടെന്നും കണ്ടെത്തിയിരുന്നു. തലയുടെ ഇരുവശങ്ങളിലും ഏറ്റ പ്രഹരമാണ് ഷീബയുടെ മരണത്തിന് കാരണമായത്. കൂടാതെ മൂക്കിന് താഴെയും കഴുത്തിലും മാരകമായ മുറിവുകളുണ്ട്. ബലപ്രയോഗം നടത്തിയതിന്റെ ലക്ഷണങ്ങളുമുണ്ടെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. വൈദ്യുതാഘാതം ഏല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വയറുകള്‍ കൂട്ടിയോജിപ്പിച്ച് വെച്ചിരുന്നു. ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് സാലിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

കൊലപാതകം പുറത്തറിയുന്നത് ഇങ്ങനെ

വീട്ടിലെ ഗ്യാസ് ലീക്ക് ചെയ്ത മണം പുറത്തേക്ക് വന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്. കവർച്ചാശ്രമത്തിനിടെയാണ് കൊലപാതകമെന്നുതന്നെയായിരുന്നു പ്രാഥമിക നിഗമനം. ഭാര്യയുടെ മൃതദേഹത്തിനരികെ പരുക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന ഭർത്താവിനെ എട്ടു മണിക്കൂറിനു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് ശേഷമാണ് നാടിനെ നടുക്കിയ കൊലപാതകം വിവരം പുറത്തറിഞ്ഞത്. ഗ്യാസ് ലീക്ക് ചെയ്യുന്നതായി റോഡിലൂടെ പോയ ചിലര്‍ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സാണ് ആദ്യമെത്തിയത്. മുൻ വാതിൽ പൊളിച്ച് അകത്തു പ്രവേശിച്ചപ്പോൾ സ്വീകരണ മുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷീബയുടെ മൃതദേഹം. തൊട്ടടുത്ത് മർദ്ദനമേറ്റ് അവശനായ നിലയിലായിരുന്നു ഭര്‍ത്താവ് സാലി. ഇരുവരുടെയും തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ച ടീപ്പോയ് സമീപത്ത് തകര്‍ന്ന് കിടക്കുന്നുണ്ടായിരുന്നു. വൈദ്യുത ഷോക്ക് ഏൽപ്പിക്കാനായി ഇരുവരുടെയും കൈകാലുകൾ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടിയിരുന്നു. കസേരയും തകർത്തിരുന്നു. അലമാര കുത്തിത്തുറന്ന് സാധനങ്ങൾ വലിച്ചു പുറത്തിട്ടിരുന്നു. മകൾ ഭര്‍ത്താവിനൊപ്പം വിദേശത്തായതിനാൽ വർഷങ്ങളായി സാലിയും ഷീബയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.