LiveTV

Live

Kerala

കേരളത്തില്‍ 94 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം

രോഗം ബാധിച്ചവരിൽ 47 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 37 പേർ. സമ്പർക്കം മൂലം ഏഴു പേർക്ക് രോഗം.

കേരളത്തില്‍ 94 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം

കേരളത്തില്‍ ഇന്ന് 94 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ 47 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 37 പേർ. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു.

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് എത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്‌നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യര്‍ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. മൂനാക്ഷിയമ്മാള്‍ ഇന്നലെയാണ് മരിച്ചത്. ഷബ്‌നാസും സേവ്യറും രണ്ട് ദിവസം മുമ്പും മരിച്ചു. മരണശേഷമാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് തവണ പരിശോധിച്ചാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരുടെയും വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു.

കാസര്‍കോട്- 12, കണ്ണൂര്‍-6, വയനാട്-2, കോഴിക്കോട്-10, മലപ്പുറം-8, പാലക്കാട്-7, തൃശ്ശൂര്‍-4, എറണാകുളം-2, കോട്ടയം-5, പത്തനംതിട്ട-14, ആലപ്പുഴ-8, കൊല്ലം-11, തിരുവനന്തപുരം--5 എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ കണക്ക്.

ഇതോടെ സംസ്ഥാനത്തെ മരണങ്ങളുടെ എണ്ണം 14 ആയി. ഇന്ന് 3787 സാംപിളുകൾ പരിശോധിച്ചു. 1588 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 884 പേർ ഇപ്പോൾ ചികില്‍സയിലാണ്. 170065 പേരാണ് നിരീക്ഷണത്തിലുള്ളത്. 168578 പേർ വീടുകളിലും 1487 പേർ ആശുപത്രികളിലുമാണ്. ഇന്ന് 225 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 76383 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 72139 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനൽ സർവയലൻസിൽ 18146 സാംപിളുകൾ ശേഖരിച്ചു. 15264 നെഗറ്റീവായി.

ആകെ സംസ്ഥാനത്ത് 99,962 സാംപിളുകളാണ് പരിശോധിച്ചത്. ഹോട്സ്പോട്ടുകൾ 124 ആയി. കണ്ണൂർ 4, കൊല്ലം 3, പാലക്കാട് 2. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികളെല്ലാം കേന്ദ്രസർക്കാർ നിരോധിക്കുകയാണല്ലോ. രാഷ്ട്രീയ സാമൂഹ്യ ഒത്തുചേരലുകളും ആരാധനാലയങ്ങളിലെ പ്രാർഥനയും ഉൽസവ ചടങ്ങുകളുമെല്ലാം ഇതിൽ പെടും. രോഗവ്യാപനം തടയാൻ വലിയ ആൾക്കൂട്ടം ഒഴിവാക്കണം. എന്നാൽ ലോക്ഡൗണിൽനിന്ന് രാജ്യം ഘട്ടംഘട്ടമായി പുറത്തുകടക്കുകയാണ്. ഈ നിലയിൽ അധികകാലം തുടരാൻ ആകില്ല. ഉത്പാദന, സേവന മേഖലകൾ നിശ്ചലമാക്കി അധികകാലം മുന്നോട്ടു പോകാൻ കഴിയില്ല.