LiveTV

Live

Kerala

നാദാപുരത്ത് കോവിഡ് രോഗിയുടെ മത്സ്യക്കട അടിച്ചു തകര്‍ത്തു

പുറമേരി വെള്ളൂര്‍‌ റോഡിലെ മത്സ്യ കടയാണ് അടിച്ച് തകര്‍ത്തത്

നാദാപുരത്ത് കോവിഡ് രോഗിയുടെ മത്സ്യക്കട അടിച്ചു തകര്‍ത്തു

കോഴിക്കോട് നാദാപുരം പുറമേരിയില്‍ കോവിഡ് രോഗിയുടെ മത്സ്യക്കട അടിച്ചു തകര്‍ത്തു. കോവിഡ് ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന തൂണേരി സ്വദേശിയുടെ കടയാണ് തകര്‍ത്തത്.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിനിടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് കോവിഡ് നെഗറ്റീവ് ആയ വ്യക്തി ഇറങ്ങിയോടി. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

കോവിഡ് ബാധിച്ച് കോഴിക്കോട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ ചികിത്സയില്‍ കഴിയുന്ന മത്സ്യവ്യാപാരിയുടെ പുറമേരി വെള്ളൂര്‍ റോഡിലെ മത്സ്യക്കടയാണ് ഇന്ന് പുലര്‍ച്ചെ അടിച്ചു തകര്‍ത്തത്.കടക്കു മുന്നില്‍ ഉണ്ടായിരുന്ന സ്റ്റാന്‍റ് തകര്‍ത്ത നിലയിലാണ്.ഷട്ടറിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. നാട്ടുകാരാണ് വിവരം പൊലീസിലറിയിച്ചത്. നാദാപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. തൂണേരി സ്വദേശിയായ മത്സ്യവ്യാപാരിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ പെട്ട നൂറോളം പേര്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതിനിടെ കോവിഡ് പരിശോധനയില്‍ നെഗറ്റീവായ ഉത്തരേന്ത്യന്‍ സ്വദേശി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഇറങ്ങിയോടി.തെരുവില്‍ അലഞ്ഞു തിരിഞ്ഞ ഇയാളെ പൊലീസാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്. മാനസിക രോഗമുള്ളതിനാല്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ഇയാളെ മാറ്റാനിരിക്കെയാണ് സംഭവം.