LiveTV

Live

Kerala

മനേക ഗാന്ധിക്ക് സ്വന്തം മണ്ഡലത്തിലെ കുറ്റകൃത്യ നിരക്ക് അറിയുമോ?

ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി സ്വന്തം മണ്ഡലം ഉൾപ്പെടുന്ന ജില്ലയുടെ ക്രൈം നിരക്കുകൾ പോലും പറയാതെ കേരളത്തിലെ മലപ്പുറത്തെ കരിവാരിത്തേക്കാൻ മന:പൂർവം നുണ പറയുന്നത് അംഗീകരിക്കാനാവില്ല

മനേക ഗാന്ധിക്ക് സ്വന്തം മണ്ഡലത്തിലെ കുറ്റകൃത്യ നിരക്ക് അറിയുമോ?

മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി എംപി മനേക ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുകയാണ്. മലപ്പുറം ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയാണെന്ന് പറഞ്ഞ മനേകാ ഗാന്ധിക്ക് സ്വന്തം മണ്ഡലമായ സുൽത്താൻപൂര്‍ ഉൾപ്പെടുന്ന ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലെ ക്രൈം സ്റ്റാറ്റിസ്റ്റിക്സ് അറിയുമോ എന്ന് ചോദിക്കുകയാണ് ഡോക്ടര്‍ ജിനേഷ് പി.എസ്.

നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ നൽകുന്ന 2018ലെ കണക്കുകൾ മാത്രം ഒന്ന് പരിശോധിക്കാം.

2018ൽ സുൽത്താൻപൂർ ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കൊലപാതക (സെക്ഷന്‍ 302 ഐപിസി) കേസുകൾ - 55. അതേ കാലയളവിൽ മലപ്പുറത്ത് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കൊലപാതക കേസുകൾ - 18

സുൽത്താൻപൂർ ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള മനപ്പൂർവമല്ലാത്ത നരഹത്യ കേസുകൾ (സെക്ഷന്‍ 304 ഐപിസി) - 6. മലപ്പുറത്ത് - 7

സുൽത്താൻപൂർ ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്ത്രീധന മരണങ്ങൾ (സെക്ഷന്‍ 304-ബി ഐപിസി) - 22. മലപ്പുറത്ത് - 2

ഇനി വാഹനാപകടങ്ങളിലേക്ക് വരാം- (സെക്ഷന്‍ 304-എ ഐപിസി). സുൽത്താൻപൂർ ജില്ലയിൽ നടന്ന 206 വാഹന അപകട മരണങ്ങളും ഹിറ്റ് ആൻഡ് റൺ. അതായത് അപകടം സംഭവിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു മുങ്ങി എന്ന്. മലപ്പുറത്ത് ആകെ നടന്ന 313 വാഹന അപകട മരണങ്ങളിൽ 8 എണ്ണം മാത്രം ഹിറ്റ് ആൻഡ് റൺ.

പാലക്കാട് ജില്ലയിൽ ആന ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണവുമായി മനേക ഗാന്ധി
Also Read

പാലക്കാട് ജില്ലയിൽ ആന ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണവുമായി മനേക ഗാന്ധി

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ സ്റ്റാറ്റിസ്റ്റിക്സിൽ നിന്ന് ചില കണക്കുകൾ മാത്രമാണ് ചേർത്തിരിക്കുന്നത്. കുറ്റകൃത്യം നടന്നാൽ പരാതിപ്പെടാനും കേസ് രജിസ്റ്റർ ചെയ്യപ്പെടാനും ഏറ്റവും സാധ്യത കൂടിയ സ്ഥലം ആയ കേരളവും പല കാരണങ്ങളാൽ പരാതിപ്പെടാനും കേസെടുക്കാനും സാധ്യത കുറഞ്ഞ ഉത്തർപ്രദേശും തമ്മിൽ എല്ലാ തരത്തിലുള്ള കേസുകളിലും താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല. പക്ഷേ റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങളുടെ കണക്കുകളിൽ തെറ്റ് വരാൻ സാധ്യത കുറവായതിനാൽ ആ കണക്കുകൾ താരതമ്യം ചെയ്തു എന്ന് മാത്രം.

വിമൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് സെൻട്രൽ മിനിസ്റ്റർ ആയിരുന്ന ഒരാൾ ആയതുകൊണ്ട് കിഡ്നാപ്പിംഗ് കേസുകൾ കൂടി ഒന്ന് നോക്കാം. സുൽത്താൻപൂർ ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസുകൾ - 292, അതിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകൾ - 65. മലപ്പുറത്ത് യഥാക്രമം 24ഉം 4ഉം.

ഈ കണക്കുകൾ സംസാരിക്കും. വിശദീകരിക്കേണ്ട കാര്യമില്ല. ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി സ്വന്തം മണ്ഡലം ഉൾപ്പെടുന്ന ജില്ലയുടെ ക്രൈം നിരക്കുകൾ പോലും പറയാതെ കേരളത്തിലെ മലപ്പുറത്തെ കരിവാരിത്തേക്കാൻ മന:പ്പൂർവം നുണ പറയുന്നത് അംഗീകരിക്കാനാവില്ല, അത് എന്ത് രാഷ്ട്രീയത്തിന്റെ പേരിൽ ആയാലും മൃഗ-പരിസ്ഥിതി സ്നേഹത്തിന്റെ പേരിലായാലും. അതുകൊണ്ട് മനുഷ്യത്വം എന്ന ഒന്നുണ്ടെങ്കിൽ നിങ്ങൾ മാപ്പ് പറയണമെന്നും ഡോ. ജിനേഷ് ഫേസ് ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

മനേകയുടെ വ്യാജ പ്രചാരണം ആന ചരിഞ്ഞ സംഭവത്തില്‍

പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ ഗർഭിണിയായ ആന സ്‌ഫോടകവസ്തു പൊട്ടി ചരിഞ്ഞ സംഭവത്തിലാണ് മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചരണവുമായി ബി.ജെ.പി എം.പിയും മൃഗാവകാശ പ്രവർത്തകയുമായ മനേക ഗാന്ധി രംഗത്തെത്തിയത്. മലപ്പുറം ക്രിമിനൽ പ്രവർത്തനങ്ങൾക്ക് കുപ്രസിദ്ധമാണെന്നും റോഡുകളിൽ വിഷമെറിഞ്ഞ് നാനൂറോളം പക്ഷികളെയും നായകളെയും മലപ്പുറത്ത് കൊന്നിട്ടുണ്ടെന്നും മനേക ആരോപിച്ചു. സമൂഹ മാധ്യമമായ ട്വിറ്ററിലൂടെയും വാർത്താ ഏജൻസിയായ എ.എൻ.ഐയുമായി സംസാരിക്കുന്നതിനിടെയുമാണ് അവർ വിദ്വേഷ പ്രസ്താവന നടത്തിയത്.

സൈലന്റ് വാലിയിൽ നിന്നിറങ്ങിയ ഗർഭിണിയായ പിടിയാന സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിൾ കഴിച്ചതിനെ തുടർന്നുള്ള പരിക്കിലാണ് ചരിഞ്ഞത്. പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന് അമ്പലപ്പാറയിലാണ് സംഭവം. വായിൽ മുറിവേറ്റതിനെ തുടർന്ന് പുഴയിൽ ഇറങ്ങിനിന്ന ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ചരിയുകയായിരുന്നു. പാലക്കാട് നടന്ന സംഭവത്തിലാണ് മനേക മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്.

മലപ്പുറം ഇന്ത്യയിലെ ഏറ്റവും വയലന്റ് ജില്ലയാണെന്ന് പറഞ്ഞ മനേകാ ഗാന്ധിയോടാണ്... താങ്കളുടെ മണ്ഡലമായ സുൽത്താൻപൂർ...

Posted by Jinesh PS on Wednesday, June 3, 2020