LiveTV

Live

Kerala

വന്ദേഭാരത് മിഷന്‍; ജൂണ്‍ 5 മുതല്‍ കൂടുതല്‍ വിമാനങ്ങള്‍, ഇതുവരെ 10,000 പ്രവാസികള്‍ കൊച്ചിയിലെത്തി

മെയ് ഏഴിന് ആരംഭിച്ച വന്ദേഭാരത് മിഷനില്‍ ഉള്‍പ്പെട്ട രാജ്യത്തെ ആദ്യവിമാനം കൊച്ചി വിമാനത്താവളത്തിലായിരുന്നു പറന്നിറങ്ങിയത്

വന്ദേഭാരത് മിഷന്‍; ജൂണ്‍ 5 മുതല്‍ കൂടുതല്‍ വിമാനങ്ങള്‍, ഇതുവരെ 10,000 പ്രവാസികള്‍ കൊച്ചിയിലെത്തി

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവരെ ഇന്ത്യയിലേയ്‌ക്കെത്തിക്കുന്ന പദ്ധതിയിൽ ഇതുവരെ കൊച്ചി വിമാനത്താവളത്തിലെത്തിയത് പതിനായിരത്തോളം പ്രവാസികൾ. ജൂണ്‍ 5 മുതല്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ കൊച്ചിയിലെത്തും.

മെയ് ഏഴിന് ആരംഭിച്ച വന്ദേഭാരത് മിഷനില്‍ ഉള്‍പ്പെട്ട രാജ്യത്തെ ആദ്യവിമാനം കൊച്ചി വിമാനത്താവളത്തിലായിരുന്നു പറന്നിറങ്ങിയത്. തുടര്‍ന്നിങ്ങോട്ട് വിവിധ രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തോളം പ്രവാസികള്‍ കൊച്ചി വിമാനത്താവളത്തിലെത്തി. ഗൾഫ് രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മടങ്ങിയെത്തിയത്. അമേരിക്ക‍, ബ്രിട്ടന്‍ എന്നിവക്ക് പുറമേ യൂറോപ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍കൊച്ചിയില്‍ വിമാനമിറങ്ങി. നൈജീരിയിൽ നിന്ന് 312 പേരുമായുള്ള എയർപീസ് വിമാനവും കൊച്ചിയിലാണെത്തിയത്.

ജൂൺ അഞ്ചുമുതൽ കൂടുതല്‍ വിമാനങ്ങള്‍ കൊച്ചിയിലെത്തും. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജൂൺ 5 ന് രാത്രി 7.45 ന് കൊച്ചിയിലെത്തും. വിയറ്റ്‌നാമിൽ നിന്ന് ജൂൺ ഏഴിനും കെയ്‌റോയിൽ നിന്ന് 16 നും യുക്രൈനിലെ കീവിൽ നിന്ന് 19 നും വിമാനമെത്തും. ലണ്ടനിൽ നിന്ന് 22 നും ഫിലിപ്പീൻസിലെ സെബുവിൽ നിന്ന് 23 നുമാണ് എയർ ഇന്ത്യ വിമാനങ്ങൾ കൊച്ചിയിലെത്തുക. മാൾട്ട നിന്ന് എയർ മാൾട്ട ജൂൺ ഒമ്പതിനും ലണ്ടനിൽ നിന്ന് ബ്രിട്ടീഷ് എയർവേയ്‌സ് 10 നും കൊച്ചിയിലേക്ക് സർവീസ് നടത്തും.

മാർച്ച് മുതൽ സിയാൽ കാർഗോ വിഭാഗവും പ്രവർത്തനനിരതമാണ്. ഇതുവരെ 205 രാജ്യാന്തര കാർഗോ വിമാനങ്ങൾ കൊച്ചിയിലെത്തി. 4644 മെട്രിക് ടൺ കാർഗോ കയറ്റുമതിയും 224 മെട്രിക് ടൺ കാർഗോ ഇറക്കുമതിയുമാണ് ഇക്കാലയളവില്‍ നടന്നത്.