LiveTV

Live

Kerala

ദേവികയുടെ ആത്മഹത്യ: അടിയന്തര റിപ്പോര്‍ട്ട് തേടി പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലന്‍

ഓണ്‍ലൈന്‍ പഠന സൌകര്യമില്ലാത്തതിന്‍റെ പേരില്‍ വളാഞ്ചേരിയില്‍ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍.

ദേവികയുടെ ആത്മഹത്യ: അടിയന്തര റിപ്പോര്‍ട്ട് തേടി പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലന്‍

ഓണ്‍ലൈന്‍ പഠന സൌകര്യമില്ലാത്തതിന്‍റെ പേരില്‍ വളാഞ്ചേരിയില്‍ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍. വിഷയത്തില്‍ പട്ടിക ജാതി വകുപ്പ് മന്ത്രി എ കെ ബാലന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. വിദ്യാഭ്യാസ വകുപ്പും പട്ടികജാതി കമ്മീഷനും വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

പട്ടികജാതി വകുപ്പ് മലപ്പുറം ജില്ല ഡെവലപ്മെന്‍റ് ഓഫീസറോടാണ് മന്ത്രി എ കെ ബാലന്‍ റിപ്പോര്‍ട്ട് തേടിയത്. ബുധനാഴ്ച രാവിലെ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. പട്ടിക ജാതി കമ്മീഷനും വിദ്യാഭ്യാസ വകുപ്പും ജില്ല വിദ്യാഭ്യാസ ഡയറക്ടറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതും ഇന്ന് തന്നെ ലഭ്യമാകുമെന്നാണ് വിവരണം. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും സര്‍ക്കാരിന്‍റെ ഔദ്യോഗിക നിലപാട്. റിപ്പോര്‍ട്ടുകള്‍ വന്നാലും ഇല്ലെങ്കിലും ഇന്നത്തെ മന്ത്രിസഭ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാവും.

ഓണ്‍ലൈന്‍ പഠനം സാധ്യമാകാത്തതിലെ മനഃപ്രയാസമാണ് ദേവികയെ ആത്മഹത്യയിലെത്തിച്ചതെന്ന് രക്ഷിതാക്കള്‍ പറയുമ്പോഴും ആത്മഹത്യയുടെ കാരണം അതായിരിക്കില്ലെന്ന പ്രാഥമിക വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. പൊലീസിന്‍റെ അന്വേഷണ നിഗമനവും ഇക്കാര്യത്തില്‍ നിര്‍ണായകമാവും. പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുവന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രക്ഷോഭം കൂടുതല്‍ കനക്കും.

സമൂഹത്തിലെ എല്ലാവര്‍ക്കും സൌകര്യം ഉറപ്പാക്കും വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യമാണ് ദലിത് ചിന്തകര്‍ മുന്നോട്ടുവെക്കുന്നത്. ജൂണ്‍ ഒന്നിന് തന്നെ അധ്യയന വര്‍ഷം തുടങ്ങിയതിന്റെ ആവേശത്തിലായിരുന്ന സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും അപ്രതീക്ഷിത ആഘാതമായി ദേവികയുടെ ആത്മഹത്യ.