മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയില്‍ പോര്; ഇബ്രാഹിം കുഞ്ഞിനും മകനുമെതിരെ നടപടി ആവശ്യപ്പെട്ട് സ്വന്തം ഗ്രൂപ്പ് രംഗത്ത്
ഇബ്രാഹിംകുഞ്ഞിനെതിരെ നടപടി ആവശ്യപ്പെട്ട് മുന്നില്‍ നില്ക്കുന്ന വി.കെ ബീരാന് ലീഗ് നേതാക്കള്‍ക്കെല്ലാം വേണ്ടപ്പെട്ടയാളാണ്.

മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവും മുന്‍ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് രണ്ട് അഴിമതിക്കേസുകളില്‍ പ്രതിയായതിനു പിറകെ എറണാകുളം ജില്ലാ കമ്മിറ്റിയില്‍ സംഘടനാ പ്രശ്നങ്ങള്‍ അതിരൂക്ഷമായി.
ഇബ്രാഹിംകുഞ്ഞിനും മകന് അബ്ദുല്ഗഫൂറിനുമെതിരെ സംഘടനാ നടപടി ആവശ്യപ്പെട്ട് ജില്ലയിലെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തി. ഇബ്രാഹിംകുഞ്ഞിന്റെ ഗ്രൂപ്പുകാരനും ജ്യേഷ്ഠനും സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ. വി കെ ബീരാന്, മുന്‍ ജില്ലാ പ്രസിഡണ്ടും ഗ്രൂപ്പുകാരനുമായ അബ്ദുല്‍ഖാദര്‍, ടി എ അഹ്മദ് കബീര്‍ ഗ്രൂപ്പുകാരനും നിലവില്‍ ജില്ലാ പ്രസിഡണ്ടുമായ അബ്ദുല്‍ മജീദ് എന്നിവരെല്ലാം നടപടി ആവശ്യപ്പെടുകയാണ്.
പാലാരിവട്ടം പാലം അഴിമതിക്കേസിലും കള്ളപ്പണക്കേസിലും പ്രതിയായ ഇബ്രാഹിംകുഞ്ഞ് പാര്‍ട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കിയെന്നാണ് ഇവര്‍ പാര്‍ട്ടിക്ക് നല്കിയ നിവേദനത്തില്‍ പറയുന്നത്. ലീഗ് ഉന്നതാധികാര സമിതിയില്‍ നിന്നും പാര്‍ട്ടി മുഖപ്പത്രമായ ചന്ദ്രികയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും ഇബ്രാഹിംകുഞ്ഞിനെ പുറത്താക്കണമെന്നാണ് പ്രധാന ആവശ്യം.
എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയും ഇബ്രാഹിംകുഞ്ഞിന്റെ മകനുമായ അബ്ദുല്‍ ഗഫൂറിനെ മാറ്റണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. ഗഫൂര്‍ ജനറല്‍ സെക്രട്ടറി ആയതിനു ശേഷം ജില്ലയില്‍ പാര്‍ട്ടി ദുര്‍ബ്ബലമായെന്നാണ് ആരോപണം. നടപടി ആവശ്യവുമായി ഇതിനകം പലവട്ടം നേതാക്കള്‍ പാണക്കാട്ടെത്തി. സാധാരണ ഇത്തരം പ്രശ്നങ്ങളില്‍ പി കെ കുഞ്ഞാലിക്കുട്ടിയാണ് തീര്പ്പെടുക്കാറ്. എന്നാല്‍ ഇബ്രാഹിം കുഞ്ഞും പി.കെ കുഞ്ഞാലിക്കുട്ടിയും അടുപ്പക്കാരായതിനാല്‍, പ്രശ്നത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥത സ്വീകരിക്കാന്‍ ഇവര്‍ തയ്യാറല്ല.
കഴിഞ്ഞ ദിവസം പാണക്കാട് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി എറണാകുളത്തെ സംഘടനാ പ്രശ്നങ്ങള്‍ ഗൌരവമായി ചര്‍ച്ചയായെങ്കിലും തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. ഇബ്രാഹിംകുഞ്ഞിനെതിരെ നടപടി ആവശ്യപ്പെട്ട് മുന്നില്‍ നില്ക്കുന്ന വി.കെ ബീരാന് ലീഗ് നേതാക്കള്‍ക്കെല്ലാം വേണ്ടപ്പെട്ടയാളാണ്. അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായിരുന്ന വി.കെ ബീരാനും സുപ്രീംകോടതി അഭിഭാഷകനായ മകന് ഹാരിസ് ബീരാനുമാണ് മുസ്ലിം ലീഗിന്റെ നിയമവിഷയങ്ങളും കേസുകളും കൈകാര്യം ചെയ്യുന്നത്.
ഇബ്രാഹിംകുഞ്ഞിനെ പോലെ ഒരു മുതിര്‍ന്ന നേതാവിനെതിരെ നടപടിയെടുക്കുന്നതിലുള്ള പ്രയാസവും ഹൈദരലി തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ക്കുണ്ട്. ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കുകയെന്ന വെല്ലുവിളിയാണ് ലീഗ് നേതൃത്വം നേരിടുന്നത്.