LiveTV

Live

Kerala

കോട്ടയത്ത് കൊല്ലപ്പെട്ട വീട്ടമ്മയുടെ മൊബൈല്‍ കണ്ടെത്തി, മോഷണം മാത്രമല്ല പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ്

സാമ്പത്തിക ഇടപാടുകളടക്കം അന്വേഷിക്കുന്നുണ്ട്.

കോട്ടയത്ത് കൊല്ലപ്പെട്ട വീട്ടമ്മയുടെ മൊബൈല്‍ കണ്ടെത്തി, മോഷണം മാത്രമല്ല പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ്

കോട്ടയം പാറപ്പാടത്ത് വീട്ടമ്മ കൊല്ലപ്പെട്ടതിന് പിന്നില്‍ മോഷണശ്രമം മാത്രമാണെന്ന് പറയാന്‍ കഴിയില്ലെന്ന് കോട്ടയം എസ്.പി ജയദേവ്. ഇവരുടെ സാമ്പത്തിക ഇടപാടുകളടക്കം അന്വേഷിക്കുന്നുണ്ട്. കാര്‍ കണ്ടെത്താന്‍ സാധിച്ചില്ല. കൊല്ലപ്പെട്ട ഷീബയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കേസില്‍ നിര്‍ണ്ണായകമാകും. പരിചയമുള്ളവരെ കേന്ദ്രീകരിച്ചുളള അന്വേഷണവും പുരോഗമിക്കുകയാണ്.

പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് മോഷണ ശ്രമം കൊലപാതകത്തിനുള്ള പ്രധാന ലക്ഷ്യമായി കാണാന്‍ സാധിക്കില്ലെന്ന് പൊലീസ് പറയുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ സാമ്പത്തിക ഇടപാടുകളടക്കം അന്വേഷിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും വ്യക്തിവൈരാഗ്യം ഉണ്ടോയെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഇവരെ പരിചയമുള്ളവരും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.

കൊല്ലപ്പെട്ട ഷീബയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു. എന്നാല്‍ സലീമിന്‍റെ ഫോണ്‍ കണ്ടെത്താനായിട്ടില്ല. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. കൃത്യത്തിന് ശേഷം പ്രതി രക്ഷപ്പെട്ട കാര്‍ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്. ക്വട്ടേഷന്‍ സംഘങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന സാലിയുടെ ആരോഗ്യനിലയില്‍ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.

ഷീബ മരിച്ചത് തലയ്ക്കേറ്റ ക്ഷതം മൂലം

വീട്ടമ്മയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. മരണത്തിലേക്ക് നയിക്കാവുന്ന ഒന്നിലധികം മുറിവുകളുണ്ട്. മൂക്കിന് താഴെയും കഴുത്തിലും മാരകമായ മുറിവുകളാണുള്ളത്. ബലപ്രയോഗം നടത്തിയത്തിന്റെ ലക്ഷണങ്ങളുമുണ്ടെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. വൈദ്യുതാഘാതം ഏല്‍പ്പിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ആന്തരിക അവയവങ്ങളുടെ പരിശോധനയ്ക്ക് ശേഷമേ വ്യക്തത വരൂ.

സംഭവ സ്ഥലത്ത് നിന്നും ലഭിച്ച സര്‍ജിക്കല്‍ ഗ്ലൌസ് മണത്ത പൊലീസ് നായ അറുപുഴ ജംഗ്ഷനിലെ ഒരു ചായക്കട വരെ ഓടി. ഇതിനിടെ വീട്ടിലെ സ്വര്‍ണ്ണം അടക്കം മോഷണം പോയിട്ടുണ്ടെന്ന പരാതി ബന്ധുക്കള്‍ ഉന്നയിച്ചു.