LiveTV

Live

Kerala

'യു.കെയിൽ കുടുങ്ങിയ മക്കളെ തിരിച്ചു നാട്ടിലെത്തിക്കണം'; മാതാപിതാക്കളുടെ ഹരജിയില്‍ ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി

നാട്ടിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മാനസികമായി തളർന്ന നിലയിലാണ് തങ്ങളുടെ മക്കളെന്നും ഇവരെ രക്ഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

'യു.കെയിൽ കുടുങ്ങിയ മക്കളെ തിരിച്ചു നാട്ടിലെത്തിക്കണം'; മാതാപിതാക്കളുടെ ഹരജിയില്‍ ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് യു.കെയില്‍ അകപ്പെട്ട മക്കളെ നാട്ടില്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. തങ്ങളുടെ രണ്ട് മക്കളും യു.കെയില്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണെന്നും ഉടനെ തന്നെ നാട്ടില്‍ തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് തൃശ്ശൂര്‍ ഊരകം സ്വദേശി സുരേഷ് സുബ്രഹ്മണ്യനും ഭാര്യ ഹസീനയും ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരുടെയും ഹരജി ജസ്റ്റിസ് അനു ശിവരാമന്‍ പരിഗണിച്ചു.

ബ്രിട്ടണിലെ ബോണ്‍മത് സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ഥിയായ മൂത്തമകന്‍ പത്ത് നിലയുള്ള ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഹോസ്റ്റലിലെ മറ്റു വിദ്യാര്‍ഥികളെല്ലാം നാട്ടിലേക്ക് മടങ്ങിയതായും ഹരജിയില്‍ പറയുന്നു. പ്ലസ് ടു ക്ലാസില്‍ പഠിക്കുന്ന ഇളയ മകന്‍ ദ്രുപദ് സുബ്രഹ്മണന്‍ യു.കെയില്‍ പേയിംഗ് ഗസ്റ്റായി കഴിയുകയായിരുന്നു. നിലവില്‍ സ്ഥിതി ഗുതുതരമായതിനാല്‍ വീട് ഒഴിയണമെന്നാവശ്യപ്പെട്ടിട്ടുണ്ട് എന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചിരുന്നുവെന്നും അതില്‍ ഫലമുണ്ടായില്ലായെന്നും മാതാപിതാക്കള്‍ പറയുന്നു. മക്കളെ നാട്ടിലെത്തിക്കാന്‍ മന്ത്രിമാരെയും ജനപ്രതിനിധികളടക്കമുള്ളവരെയും സമീപിച്ചെങ്കിലും പരാജയപ്പെട്ടതായും ഇരുവരും പറഞ്ഞു. നാട്ടിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മാനസികമായി തളർന്ന നിലയിലാണ് തങ്ങളുടെ മക്കളെന്നും ഇവരെ രക്ഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.