LiveTV

Live

Kerala

വീട്ടമ്മയുടെ കൊലപാതകം: വീട്ടുമുറ്റത്തെ കാറ് കൊണ്ടുപോകുന്നത് സിസിടിവിയില്‍ വ്യക്തം

കോട്ടയം താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം മോഷണം പോയ കാർ കേന്ദ്രീകരിച്ച്

വീട്ടമ്മയുടെ കൊലപാതകം: വീട്ടുമുറ്റത്തെ കാറ് കൊണ്ടുപോകുന്നത് സിസിടിവിയില്‍ വ്യക്തം

കോട്ടയം താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം മോഷണം പോയ കാർ കേന്ദ്രീകരിച്ച്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് കാർ വീട്ടിൽ നിന്ന് കൊണ്ട് പോയത്. അക്രമി രാവിലെ വീട്ടിലെത്തിയിരുന്നതായി പൊലീസ് പറയുന്നു. കാര്‍ വീട്ടുമുറ്റത്ത് നിന്ന് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ കാറില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും ദൃശ്യങ്ങളില്‍ കാണാം. രാവിലെ 10 മണിക്ക് മുമ്പായിട്ടാണ് കാറ് കൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

വീട്ടിലെ ഗ്യാസ് ലീക്ക് ചെയ്ത മണം പുറത്തേക്ക് വന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്. കവർച്ചാശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. വീട്ടമ്മയെ കൊലപ്പെടുത്തിയ അക്രമി സംഘം ഭർത്താവിനെയും അതിക്രൂരമായി ആക്രമിച്ചിരുന്നു. ഭാര്യയുടെ മൃതദേഹത്തിനരികെ പരുക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന ഭർത്താവിനെ എട്ടു മണിക്കൂറിനു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മൻസിൽ വീട്ടിൽ മുഹമ്മദ് സാലിക്കിന്‍റെ ഭാര്യ ഷീബയാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് സാലിക്കിന്‍റെ നില ഗുരുതരമായി തുടരുന്നു.

ഉച്ചയ്ക്ക് ശേഷമാണ് നാടിനെ നടുക്കിയ കൊലപാതകം വിവരം പുറത്തറിഞ്ഞത്. ഗ്യാസ് ലീക്ക് ചെയ്യുന്നതായി റോഡിലൂടെ പോയ ചിലര്‍ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സാണ് ആദ്യമെത്തിയത്. മുൻ വാതിൽ പൊളിച്ച് അകത്തു പ്രവേശിച്ചപ്പോൾ സ്വീകരണ മുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഷീബയുടെ മൃതദേഹം. തൊട്ടടുത്ത് മർദ്ദനമേറ്റ് അവശനായ നിലയിലായിരുന്നു ഭര്‍ത്താവ് സാലി. ഇരുവരുടെയും തലയ്ക്കേറ്റ പരിക്ക് ടീപ്പോയ് കൊണ്ട് അടിച്ചതാകാമെന്നാണു പൊലീസ് കരുതുന്നത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തിട്ടില്ല. ഇരുവരുടെയും കൈകാലുകൾ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടിയിരുന്നു. ഇവരെ വൈദ്യുത ഷോക്ക് ഏൽപ്പിച്ചതായി സംശയമുണ്ട്.

കസേരയും ടീപ്പോയും തകർത്തിരുന്നു. അലമാര കുത്തിത്തുറക്കാൻ ശ്രമം നടത്തി. സാധനങ്ങൾ വലിച്ചു പുറത്തിട്ടുണ്ട്. എന്നാൽ വീട്ടിൽ നിന്ന് എന്തൊക്കെ മോഷണം പോയെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. കാറ് മോഷണം പോയത് സിസിടിവിയില്‍ നിന്ന് വ്യക്തമാണ്. പണവും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു.. ബന്ധുക്കൾ വന്ന് കണക്കെടുപ്പു നടത്തിയാലേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ.

മകൾ വിദേശത്തായതിനാൽ വർഷങ്ങളായി സാലിയും ഷീബയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. അതുകൊണ്ടുതന്നെ കൊല്ലപ്പെട്ട ഷീബയും മുഹമ്മദ് സാലിക്കും ഒറ്റയ്ക്കാണ് താമസമെന്ന് അറിയാവുന്നവരാകും അക്രമികൾ എന്നാണ് പൊലീസ് പറയുന്നത്. വീട്ടിലേക്ക് കയറുന്ന വാതിലിനോടു ചേർന്നു തന്നെയാണ് ഷീബയുടെ മൃതദേഹം കണ്ടത്. വാതിൽ തുറന്നയുടൻ അക്രമി സംഘം ഇവരെ കീഴ്പ്പെടുത്തിയിരിക്കാമെന്നു പൊലീസ് പറയുന്നു.

കോട്ടയം താഴത്തങ്ങാടിയിലെ വീട്ടമ്മയുടെ കൊലപാതകം; അന്വേഷണം മോഷണം പോയ കാര്‍ കേന്ദ്രീകരിച്ച് | Kottayam | Murder

Posted by MediaoneTV on Monday, June 1, 2020