LiveTV

Live

Kerala

ചാരായം കുടിക്കുന്നത് തടഞ്ഞ പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമം; പ്രതി അറസ്റ്റിൽ

ഇന്ന് വെളുപ്പിന് എറണാകുളം ചിറ്റൂർ റോഡിൽ പുല്ലേപ്പടി ജംഗ്ഷനിൽ വെച്ചാണ് നിർത്തിയിട്ട കാറിനകത്ത് പ്രതിയായ റിജോയും ഉല്ലാസും ചാരായം കഴിച്ചത്

ചാരായം കുടിക്കുന്നത് തടഞ്ഞ പൊലീസിനെ ആക്രമിച്ചു  രക്ഷപ്പെടാൻ ശ്രമം; പ്രതി അറസ്റ്റിൽ

ചാരായം കുടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കളപ്പുരക്കൽ വീട് ചെമ്മലമറ്റം തിടനാട് റിജോ ജോർജ് (32) എന്നയാളെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് വെളുപ്പിന് എറണാകുളം ചിറ്റൂർ റോഡിൽ പുല്ലേപ്പടി ജംഗ്ഷനിൽ വെച്ചാണ് നിർത്തിയിട്ട കാറിനകത്ത് പ്രതിയായ റിജോയും ഉല്ലാസും ചാരായം കഴിച്ചത്. സംഭവം കണ്ട അതുവഴി പെട്രോളിങിന് പോയിരുന്ന എ.എസ്.ഐ ദിലീപും സി.പി.ഒ ഷാലി മോനും അവരെ തടഞ്ഞു നിർത്താൻ ശ്രമിക്കുമ്പോൾ പ്രതികൾ ആക്രമിക്കുകയായിരുന്നു. പ്രതികളിലൊരാൾ ഷാജിമോന്‍റെ വലതു കൈയ്യിൽ കടിച്ച് പരിക്കേൽപ്പിക്കുകയും മറ്റേയാൾ എ.എസ്.ഐ ദിലീപിനെ തള്ളിയിടുകയും ചെയ്തു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ റിജോയെ പൊലീസ് പിടികൂടുകയും ഉല്ലാസ് രക്ഷപ്പെടുകയും ചെയ്തു. പ്രതിയിൽ നിന്നും രണ്ട് ലിറ്ററോളം ചാരായവും കന്നാസും പൊലീസ് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ പൊലീസുകാരെ ആക്രമിച്ചതിനും വാറ്റ് ചാരായം കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്.

ഒന്നാം പ്രതി റിജോ ജോർജിനെ റിമാൻഡ് ചെയ്തു. രണ്ടാം പ്രതി ഉല്ലാസിനെതിരായ അന്വേഷണം പൊലീസ് ഊർജിതമാക്കി. എറണാകുളം അസിസ്റ്റന്‍റ് കമ്മീഷണർ കെ ലാൽജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ വിപിൻ കുമാർ, തോമസ് പള്ളൻ, വേണുഗോപാൽ എ.എസ്.ഐ അശോകൻ, സി.പി.ഒ മധു എന്നിവരാണ് ഉണ്ടായിരുന്നത്. ചാരായത്തിന്‍റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പ്രിൻസിപ്പൽ എസ്.ഐ വിബിൻ കുമാർ അറിയിച്ചു.