LiveTV

Live

Kerala

കെപിസിസി ഭാരവാഹികൾക്കുള്ള ചുമതലകൾ വിഭജിച്ചു നൽകി

കെ പി അനിൽകുമാറിനാണ് സംഘടനാ ചുമതല. ഹൈക്കമാൻഡുമായുള്ള ഏകോപനം പി സി വിഷ്ണുനാഥിനും മഹിളാ കോൺഗ്രസിന്റെ ചുമതല പത്മജാ വേണുഗോപാലിനും യൂത്ത് കോൺഗ്രസിന്‍റെ ചുമതല സി ആർ മഹേഷിനും

കെപിസിസി ഭാരവാഹികൾക്കുള്ള ചുമതലകൾ വിഭജിച്ചു നൽകി

ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ കെപിസിസി ഭാരവാഹികൾക്കുള്ള ചുമതലകൾ വിഭജിച്ചു നൽകി. മുല്ലപ്പള്ളി രാമചന്ദ്രൻ അനുകൂലിയായ കെ പി അനിൽകുമാറിനാണ് സംഘടനാ ചുമതല. ഹൈക്കമാൻഡുമായുള്ള ഏകോപനം പി സി വിഷ്ണുനാഥിനും മഹിളാ കോൺഗ്രസിന്റെ ചുമതല പത്മജാ വേണുഗോപാലിനും യൂത്ത് കോൺഗ്രസിന്‍റെ ചുമതല സി ആർ മഹേഷിനും നൽകി.

കഴിഞ്ഞ മാസം കെപിസിസി ഭാരവാഹികൾക്ക് ചുമതല വിഭജിച്ചു നൽകിയിരുന്നെങ്കിലും ഗ്രൂപ്പുകൾ തമ്മിലും ഗ്രൂപ്പുകൾക്ക് ഇടയിലുമുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ആ വിഭജന പട്ടിക മരവിപ്പിച്ചിരുന്നു. തുടർന്ന് കെപിസിസി പ്രസിഡണ്ട് മറ്റു നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പുതിയ ചുമതല വിഭജനത്തിന് അംഗീകാരം നൽകിയത്.

കോഴിക്കോട് നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാറിനാണ് സംഘടനാ ചുമതല ലഭിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പിന്തുണയ്ക്കുന്ന നേതാവാണ് അനിൽകുമാർ. എ ഗ്രൂപ്പ് നേതാവ് തമ്പാനൂർ രവിക്ക് കെപിസിസി ഓഫീസിൻറെ ചുമതലയും ഓഫീസിന് ചുമതലയും നിയമസഭ പാർലമെൻറ് തെരഞ്ഞെടുപ്പുകളിലെ ചുമതലയും നൽകി.

മാധ്യമ ഏകോപനത്തിന് ശൂരനാട് രാജശേഖരനും കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ ചുമതല ജോസഫ് വാഴക്കനും നൽകി. പി സി വിഷ്ണുനാഥാകും എഐസിസിയുമായുള്ള ഏകോപനം നിർവഹിക്കുക. തർക്കമുണ്ടയിരുന്ന മഹിളാ കോൺഗ്രസിന്‍റെ ചുമതല പത്മജാ വേണുഗോപാലിന് നൽകി. ജെയ്സൺ ജോസഫ് ആണ് കെഎസ്‌യു ചുമതലയുള്ള നേതാവ്. സർവീസ് സംഘടനകളുടെ ചുമതല ടി സിദ്ദിഖിനും അസംഘടിത മേഖലയിലെ യൂണിയനുകളുടെ ചുമതല മണക്കാട് സുരേഷിനും ഐഎൻടിയുസി യുടെ ചുമതല കെ പി ധനപാലനും ലഭിച്ചു.