LiveTV

Live

Kerala

യുവതി പരാതി പിന്‍വലിച്ചതില്‍ സംശയം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് പുനരന്വേഷിക്കും

കേസില്‍ ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച്... ഗംഗേശാനന്ദയുടെ ശിഷ്യന്റെ പങ്കും അന്വേഷിക്കും

യുവതി പരാതി പിന്‍വലിച്ചതില്‍ സംശയം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് പുനരന്വേഷിക്കും

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ച്. ഗംഗേശാനന്ദ നല്‍കിയ പരാതി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിയുടെ ഉത്തരവ്. യുവതി പരാതി പിന്‍വലിച്ചതിലും സംശയം നിലനില്‍ക്കുകയാണ്. ഗംഗേശാനന്ദയുടെ ശിഷ്യന്‍റെ പങ്കിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പുനരന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിയാണ് ഉത്തരവിട്ടത്. കേസന്വേഷണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെയാണ് സ്വാമിയുടെ കൂടി പരാതി പരിഗണിച്ചുകൊണ്ടുള്ള പുനരന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.

ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഇരയായ പെൺകുട്ടി മുറിച്ചെന്ന കേസ് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. എന്നാല്‍ ജനനേന്ദ്രിയം താൻ സ്വയം മുറിച്ചതാണെന്നായിരുന്നു ശ്രീഹരി എന്ന സ്വാമി ഗംഗേശാനന്ദ തീർത്ഥപാദ ആദ്യം പറഞ്ഞത്. ആർക്കെതിരെയും പരാതിയില്ലാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് പറഞ്ഞ് സ്വാമി പിന്നീട് തന്‍റെ മൊഴി തിരുത്തി.

എന്നാല്‍ വൈകാതെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു. പെണ്‍കുട്ടി നേരിട്ട് ഹാജരായി തനിക്ക് പരാതിയില്ലെന്നും, സ്വാമി തന്നെ ആക്രമിച്ചിട്ടില്ലെന്നും താനല്ല സ്വാമിയെ ആക്രമിച്ചതെന്നും പൊലീസില്‍ മൊഴിമാറ്റി. ഇതേ രീതിയില്‍ കോടതിയിലും പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു.

പീഡനശ്രമത്തിനിടെ ആക്രമിച്ചെന്ന ആദ്യമൊഴി പെണ്‍കുട്ടി മാറ്റിയതും പിന്നീട് പരാതി പിന്‍വലിച്ചതും അന്വേഷിക്കാനാണ് ക്രൈബ്രാഞ്ചിന്‍റെ തീരുമാനം. ആക്രമിച്ചത് സ്വന്തം സഹായിയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ സംഭവത്തില്‍ പങ്കുണ്ടെന്നും ആരോപിച്ച് സ്വാമി പരാതി നൽകിയിരുന്നു. എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ പരാതിയില്‍, പേട്ട പൊലീസായിരുന്നു ആദ്യം അന്വേഷണം നടത്തിയത്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം സ്വാമിയെ മാത്രം പ്രതിയാക്കിയായിരുന്നു കേസ്.