ഓര്‍മ്മയായത് ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ തന്നെ ജീവിതത്തില്‍ അടയാളപ്പെടുത്തിയ നേതാവ്
പോരാളി എവിടെയാണെങ്കിലും പോരാട്ടം തുടരും. അനീതിയ്ക്ക് എതിരെ, അവഗണനയ്ക്കെതിരെ അങ്ങനെ എല്ലാത്തിനോടും കലഹിക്കും. വിരേന്ദ്രകുമാറിന്റെ രാഷ്ട്രീയ ജീവിതത്തിലും ഇത്തരം പോരാട്ടങ്ങളുടെ നാള്‍വഴിയുണ്ട്

സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ കരുത്തനായ നേതാവ്. അടിയന്തരവസ്ഥ കാലത്ത് ജയില്‍വാസം വരെ അനുഷ്ഠിച്ച സോഷ്യലിസ്റ്റ് ചേരിയിലെ ശക്തന്. പ്രായോഗിക രാഷ്ട്രീയത്തിന്റെ നാള്‍വഴികളില്‍ ഇടത് പാളയത്തില്‍ നിന്നും കലഹിച്ച് വലത്തോട്ടും പിന്നീട് തിരിച്ചും ചേക്കേറുകയും ചെയ്തു. ദേശീയ രാഷ്ട്രീയത്തിലും കരുത്തുകാട്ടിയ വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ ജീവിതവും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായക ഏടാണ്.
പോരാളി എവിടെയാണെങ്കിലും പോരാട്ടം തുടരും. അനീതിയ്ക്ക് എതിരെ, അവഗണനയ്ക്കെതിരെ അങ്ങനെ എല്ലാത്തിനോടും കലഹിക്കും. വിരേന്ദ്രകുമാറിന്റെ രാഷ്ട്രീയ ജീവിതത്തിലും ഇത്തരം പോരാട്ടങ്ങളുടെ നാള്‍വഴിയുണ്ട് താനും. ആദ്യന്ത്യം സോഷ്യലിസ്റ്റ് ആയിരുന്ന വീരന്, ഇടത് പാളയത്തില്‍ നിന്നും വലത് പാളയത്തിലേക്കും പിന്നീട് തിരിച്ചും നടന്നു കയറിയത് പോലും അവഗണിച്ചവരോടുള്ള കലഹത്തിലൂടെയായിരുന്നു.
പതിനഞ്ചാം വയസ്സില്‍ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്താണ് സോഷ്യലിസ്റ്റ് വഴിയിലേക്കുള്ള നടന്നു കയറ്റം. സാക്ഷാല്‍ ജയപ്രകാശ് നാരായണനില്‍നിന്ന് അംഗത്വം ഏറ്റുവാങ്ങി. അമേരിക്കയിലെ തുടര്‍പഠനത്തിന് ശേഷം തിരികെ എത്തിയ വീരന് പിന്നെ റാം മനോഹര്‍ ലോഹ്യയുടെ അനുയായി ആയി മാറി.
കേരളത്തില്‍ അഴീക്കോടന്‍ രാഘവന് ശേഷം പ്രതിപക്ഷ ഐക്യമുന്നണിയുടെ കണ്‍വീനര്‍. അടിയന്തരാവസ്ഥ കാലത്ത് ഒമ്പത് മാസം ഒളിവില്‍. പിന്നെ മൈസൂരില്‍ വെച്ച് പിടിയിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അഴിക്കുള്ളിലായി മാറി. മന്ത്രിസ്ഥാനത്ത് എത്തി 48 മണിക്കൂറിനകം പടിയിറങ്ങിയതും വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ ജീവിതത്തിലെ ചരിത്രം. പാര്‍ട്ടിയിലെ അസ്വാരസ്വങ്ങളായിരുന്നു രാജിയിലേക്ക് നയിച്ചത്. 87 ല്‍ കല്പറ്റയില് നിന്ന് നിയമസഭയില്‍ എത്തിയപ്പോഴായിരുന്നു വനംമന്ത്രി സ്ഥാനവും നാടകീയ രാജിയും അരങ്ങേറിയത്.
1996ലും 2004ലും കോഴിക്കോടിനെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ച വീരേന്ദ്രകുമാര്‍ കേന്ദ്രധനകാര്യ സഹമന്ത്രി, തൊഴില്‍, നഗരകാര്യ സഹമന്ത്രിസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരില്‍ വഹിച്ചു. 2009ലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ നിന്നും വീരേന്ദ്രകുമാറും കൂട്ടരും പടിയിറങ്ങുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് നല്കാന് സിപിഎം തയ്യാറായില്ല. വീരനും കൂട്ടരും മുന്നണിയും ജനതാദള്‍ സെക്യുലറും വിട്ട് പുറത്തേക്ക് വഴി തേടി.
2010 ഓഗസ്റ്റ് ഏഴിന് പുതിയ പാര്‍ട്ടി പിറവികൊണ്ടു. സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്. യുഡിഎഫ് പാളയത്തിലെത്തിയെങ്കിലും വീരന് അസ്വസ്ഥനായിരുന്നു. പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലൊന്നും തന്റെ പാര്‍ട്ടിക്ക് നീതി കിട്ടിയില്ലെന്ന് വീരന് പരിതപിച്ചു. 2014 ല്‍ പാര്‍ട്ടിയെ ജനതാദള്‍ യുനൈറ്റഡില്‍ ലയിപ്പിച്ചു.
തൊട്ടടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് ഏറ്റുവാങ്ങിയ പരാജയം വീരന്റെ രാഷ്ട്രീയ ജീവിതത്തിലും വലിയ തിരിച്ചടിയായി. പിന്നീട് രാജ്യസഭാ അംഗമായി. യുഡിഎഫിലെ കാലുവാരല്‍ രാഷ്ട്രീയത്തിന് എതിരെ പലതവണ പൊട്ടിത്തെറിച്ചു. അവസാനം യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് രാജ്യസഭാ അംഗത്വവും ഒഴിഞ്ഞ് പഴയ തട്ടകമായ ഇടത് പാളയത്തിലേക്ക് തന്നെ വീരനും കൂട്ടരും നടന്നു കയറി. വീണ്ടും രാജ്യസഭയിലേക്ക്.
ജനതാദള്‍ യുണൈറ്റഡില്‍ നിന്നും വഴി പിരിഞ്ഞു ലോക്താന്ത്രിക് ജനനതാദളിന് രൂപം നല്കി വീരേന്ദ്രകുമാര്‍ സ്ഥാപക നേതാവുമായി. മതനിരപേക്ഷതയുടെ പക്ഷത്ത് അടിയുറച്ചു നിന്ന ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ തന്നെ ജീവിതത്തില്‍ അടയാളപ്പെടുത്തിയാണ് വീരേന്ദ്രകുമാറിന്റെ വിടവാങ്ങല്‍.