LiveTV

Live

Kerala

മീഡിയവണ്‍ - ഗള്‍ഫ് മാധ്യമം മിഷന്‍ വിങ്സ് ഓഫ് കംപാഷന് പിന്തുണ: 10 പ്രവാസികള്‍ക്കുള്ള ടിക്കറ്റുമായി ജെഡിടി നഴ്സിങ് വിദ്യാര്‍ഥികള്‍

കോഴിക്കോട് ജെഡിടി നഴ്സിങ് കോളജിലെ വിദ്യാര്‍ഥി കൂട്ടായ്മയായ പുനര്‍ജനി യുഎഇയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന 10 പേര്‍ക്കുള്ള ടിക്കറ്റിനുള്ള ഒന്നര ലക്ഷം രൂപ നല്‍‌കിയാണ് പദ്ധതിയുടെ ഭാഗമായത്.

മീഡിയവണ്‍ - ഗള്‍ഫ് മാധ്യമം മിഷന്‍ വിങ്സ് ഓഫ് കംപാഷന് പിന്തുണ: 10 പ്രവാസികള്‍ക്കുള്ള ടിക്കറ്റുമായി  ജെഡിടി നഴ്സിങ് വിദ്യാര്‍ഥികള്‍

ഗള്‍ഫ് മാധ്യമവും മീഡിയവണ്‍ ചാനലും സംയുക്തമായി നടത്തുന്ന മിഷന്‍ വിങ്സ് ഓഫ് കംപാഷനൊപ്പം വിദ്യാര്‍ഥികളും കൈകോര്‍ക്കുന്നു. ജെഡിടി നഴ്സിങ് കോളജിലെ വിദ്യാര്‍ഥികളാണ് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന 10 പ്രവാസികള്‍ക്കുള്ള ടിക്കറ്റ് നല്‍കുന്നത്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഗള്‍ഫ് നാടുകളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുക്കുകയാണ് മിഷന്‍ വിങ്സ് ഓഫ് കംപാഷനിലൂടെ. ഗള്‍ഫ് മാധ്യമവും മീഡിയവണും ചേര്‍ന്ന് ഒരുക്കുന്ന പദ്ധതിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കോഴിക്കോട് ജെഡിടി നഴ്സിങ് കോളജിലെ വിദ്യാര്‍ഥി കൂട്ടായ്മയായ പുനര്‍ജനി യുഎഇയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന 10 പേര്‍ക്കുള്ള ടിക്കറ്റിനുള്ള ഒന്നര ലക്ഷം രൂപ നല്‍‌കിയാണ് പദ്ധതിയുടെ ഭാഗമായത്.

മാധ്യമം - മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍ സന്നദ്ധപത്രം ഏറ്റുവാങ്ങി. തങ്ങളുടെ സഹായത്തോടെ മടങ്ങിയെത്തിവര്‍ക്ക് ക്വാറന്‍റൈന്‍ ഉള്‍പ്പെടെയുള്ള സഹായം ചെയ്യാന്‍ തയ്യാറാണെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.

ജെഡിടിയിലെ പുനര്‍ജനിയെ കുറിച്ച് വിദ്യാര്‍ഥികള്‍

"ഞങ്ങളുടെ ജെഡിടി ഇസ്ലാം നഴ്സിംഗ് കോളേജിൽ 3-1-2020ന് പുനർജനി എന്ന പേരിൽ ഒരു വിദ്യാർത്ഥി കൂട്ടായ്മക്ക് രൂപം കൊടുക്കുകയുണ്ടായി. എല്ലാ ബാച്ചിൽ നിന്നും താല്പര്യമുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തികൊണ്ട് ഞായറാഴ്ച്ചകളിലാണ് പ്രധാനമായും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. ഞങ്ങൾക്ക് ലഭിക്കുന്ന ഇത്തിരി ഒഴിവുള്ള സമയം വാർദ്ധക്യത്തിന്റെ അവശതകൾ അനുഭവിക്കുന്നവർക്ക് നീക്കി വെക്കാൻ ആദ്യ നാളുകളിൽ ഞങ്ങൾക്കായി.

അതിനു ശേഷമാണ് കൊറോണ കാരണം ലോക്ക് ഡൗൺ വന്നെത്തിയതും എല്ലാവരും ബുദ്ധിമുട്ടിലാവുകയും ചെയ്തത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ കുഞ്ഞു കൂട്ടായ്മക്ക് എന്തു ചെയ്യാൻ പറ്റുമെന്ന ചിന്തയിൽ നിന്നാണ് അന്യനാട്ടിൽ ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ കാര്യം ഞങ്ങൾ അറിയാഞ്ഞിടയായത്. അവിടെ ഒരു നേരത്തിനു പോലും ഭക്ഷണത്തിനു വകയില്ലാതെ, തിരിച്ചു വരാൻ ഒരു വഴിയുമില്ലാതെ കഷ്ടപെടുന്ന ആളുകൾക്ക് ടിക്കറ്റ് എടുത്തു കൊടുക്കാൻ ആയാൽ അതൊരു നല്ല കാര്യമാണെന്ന് ഞങ്ങൾക്ക് തോന്നി.

അങ്ങനെ ഈ ഒരു ആശയവുമായി ഞങ്ങൾ പുനർജനിയുടെ കോ- ഓർഡിനേറ്റർ പ്രൊഫസർ ജോർലി മാഡത്തിന്റെ സഹായത്താൽ, പ്രിൻസിപ്പൽ സുനിത മാഡവുമായി സംസാരിക്കുകയും, മാഡത്തിന്റെ പൂർണ പിന്തുണയോടെ ജെഡിടിയുടെ എല്ലാമെല്ലാമായ സി.പി കുഞ്ഞി മുഹമ്മദ്‌ സർ, സെക്രട്ടറി പി.സി അൻവർ സർ, എഇഒ ഹമീദ് സർ എന്നിവരുമായി സംസാരിക്കുകയും അവരുടെ സഹായത്തോടെ ഈ ആവശ്യവുമായി മുന്നോട്ട് പോകുകയും ചെയ്‌തു. കൂടുതലായും പാവപ്പെട്ടവരെ സഹായിക്കാനായി ജെഡിടി കാണിക്കുന്ന മനസ്സാണ് ഞങ്ങൾക്ക് ഇതിനായി പ്രചോദനമായത്. 17ആം തീയതി മുതൽ 24ആം തീയതി വരെ കാലയളവിൽ ധനസമാഹരണം നടത്തുകയും ചെയ്തു. എന്നാൽ ദൈവാനുഗ്രഹം കൊണ്ട് ഞങ്ങൾ വിചാരിച്ചതിലും മുൻപ് അഞ്ച് ദിവസത്തിനുള്ളിൽ ലക്ഷ്യം നിറവേറ്റാൻ ആയി.

ഈ ഒരു കാര്യം നിറവേറ്റാൻ വേണ്ടി ഞങ്ങൾ മീഡിയവണിന്‍റെ മിഷന്‍ വിങ്സ് ഓഫ് സമ്പാഷന്‍ എന്നുള്ള പദ്ധതിയെ പറ്റി കൂടുതൽ അറിഞ്ഞു. ഈ വഴിയിലൂടെ അവർക്കുളള സഹായം എത്തിച്ചു കൊടുക്കാനും തീരുമാനിക്കുകയായിരുന്നു

അതിനു ഞങ്ങളെ സഹായിച്ച ഒരുപാട് നല്ല മനുഷ്യരുണ്ട്. അവർക്ക് മനസ്സ് നിറഞ്ഞ നന്ദി അറിയിക്കാൻ ഈ അവസരം ഞങ്ങൾ വിനിയോഗിക്കുന്നു. ആദ്യമായി ഇഖ്റ ഹോസ്പിറ്റലിലെ എല്ലാ നല്ലവരായ ഡോക്ടർമാർ, നഴ്സ്മാർ, ബിഡികെയുടെ ഇപ്പോഴത്തെ പ്രസിഡന്റ്‌ ഷഹാന, ജെഡിടിയിലെ മറ്റു ഇന്‍സ്റ്റിറ്റ്യൂഷന്സിലെ ചെയർമാൻമാർ, ഞങ്ങളുടെ നഴ്സിംഗ് കോളേജിലെ രാപകലില്ലാതെ അധ്വാനിച്ച ഓരോ വിദ്യാർഥികളും അധ്യാപകരും. അതിനെല്ലാം പുറമെ ഞങ്ങൾ ചോദിച്ചപ്പോഴേ കൈയ്യിലുള്ള വളരെ ചെറിയ തുക പോലും നൽകി സഹായിച്ച കരുണ വറ്റാത്ത കുറേ അധികം നന്മയുള്ള മനുഷ്യർ. ഇവർക്കൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല".