LiveTV

Live

Kerala

ക്വാറന്‍റൈന്‍ ചെലവ് പ്രവാസികള്‍ വഹിക്കണമെന്ന് പറയുന്നത് കേരള മോഡലിനോടുള്ള വഞ്ചന: ശശി തരൂര്‍

തിരിച്ചു വരുന്നവരില്‍ പലരും ജോലി നഷ്ടപ്പെട്ടാണ് വരുന്നത്..

ക്വാറന്‍റൈന്‍ ചെലവ് പ്രവാസികള്‍ വഹിക്കണമെന്ന് പറയുന്നത് കേരള മോഡലിനോടുള്ള വഞ്ചന: ശശി തരൂര്‍

നാട്ടിലേക്ക് തിരിച്ചുവരുന്ന പ്രവാസികളില്‍ നിന്ന് ക്വാറന്‍റൈന്‍ ഫീസ് ഈടാക്കുന്നത് ദുഃഖകരമാണെന്ന് ശശി തരൂര്‍ എംപി. തിരിച്ചു വരുന്നവരില്‍ പലരും ജോലി നഷ്ടപ്പെട്ടാണ് വരുന്നത്. കേരളത്തിന്റെ ആരോഗ്യ മാതൃകയോടുള്ള വഞ്ചനയാണിതെന്ന് ശശി തരൂര്‍ പറഞ്ഞു.

വിദേശത്ത് നിന്നും എത്തുന്നവരെയെല്ലാം ഇതുവരെ സര്‍ക്കാര്‍ സൗജന്യമായാണ് ക്വാറന്റൈനില്‍ താമസിപ്പിച്ചിരുന്നത്. ഇനി ഫീസ് നല്‍കണമെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എത്രയാണ് ക്വാറന്റൈന്‍ ഫീസ് എന്ന് വ്യക്തമാക്കിയിട്ടില്ല. വലിയ തോതില്‍ പ്രവാസികള്‍ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നുണ്ട്. ഈ ചെലവ് താങ്ങാന്‍ കേരളത്തിന് കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

കോവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായവര്‍, വിസിറ്റിങ് വിസയില്‍ ജോലി നോക്കാനെത്തി കുടുങ്ങിപ്പോയവര്‍, അടിയന്തര തുടര്‍ചികിത്സയ്ക്കായി നിര്‍ദേശിക്കപ്പെട്ട രോഗികള്‍, ഓണ്‍അറൈവല്‍ വിസയിലുള്ള ഗര്‍ഭിണികള്‍, ഇങ്ങനെ ഏറ്റവും ദുരിതമനുഭവിക്കുന്നവരെ തെരഞ്ഞെടുത്താണ് വന്ദേഭാരത് മിഷന്‍ വഴി ഈ ഘട്ടത്തില്‍ നാട്ടിലേക്ക് എത്തിക്കുന്നത്. സംഘടനകളുടെയും വ്യക്തികളുടെയും സഹായത്താല്‍ ടിക്കറ്റിനുള്ള പണമൊപ്പിച്ചാണ് ഇവരില്‍ പലരും വരുന്നതും. ഇത്തരക്കാരോട് ക്വാറന്‍റൈന്‍ ഫീസും വാങ്ങിക്കുകയെന്നെത് ക്രൂരതയാണെന്നാണ് പ്രവാസ ലോകത്തെ പൊതുവെയുള്ള വികാരം.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വിവിധ പ്രവാസി ക്ഷേമ വിഭാഗങ്ങള്‍ വഴി പ്രശ്നത്തിന് പര‌ിഹാരം കാണാന്‍ ശ്രമിക്കാതെ ഒറ്റയടിക്ക് തീരുമാനമെടുത്തത് വഞ്ചനയാണെന്നാണ് പ്രവാസികളുടെ അഭിപ്രായം. പ്രവാസികളുടെ ദയനീയ സ്ഥിതി മനസ്സിലാക്കി സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയുമെന്നാണ് പ്രതീക്ഷയെന്നും പ്രവാസികള്‍ പറയുന്നു.