LiveTV

Live

Kerala

വനംവകുപ്പിനെ 20 മണിക്കൂര്‍ വട്ടംകറക്കി കൂറ്റന്‍ രാജവെമ്പാല

കോതമംഗലം വടാട്ടുപാറയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെ പുളിമരത്തിലാണ് രാജവെമ്പാല കയറിക്കൂടിയത്

വനംവകുപ്പിനെ 20 മണിക്കൂര്‍ വട്ടംകറക്കി കൂറ്റന്‍ രാജവെമ്പാല

വനംവകുപ്പിനെ 20 മണിക്കൂര്‍ വട്ടംകറക്കി കൂറ്റന്‍ രാജവെമ്പാല. കോതമംഗലം വടാട്ടുപാറ പൊയ്ക ഗവണ്‍മെന്‍റ് സ്കൂളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പുളിമരത്തിൽ ഇന്നലെ ഉച്ചക്കാണ് രാജവെമ്പാലയെ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തിയെങ്കിലും പുളിമരത്തില്‍ നിലയുറപ്പിച്ച പാമ്പിനെ പിടികൂടാനായില്ല. പിന്നാലെ പാമ്പുപിടുത്തകാരൻ മാർട്ടിൻ മേയ്ക്കമാലി സ്ഥലത്തെത്തി. പാമ്പ് പിടുത്തക്കാരനെ കണ്ട നിമിഷം രാജവെമ്പാല കുറച്ച് കൂടി മുകളില്‍ കയറി നിലയുറപ്പിച്ചു. ഇതിനിടയില്‍ രാജവെമ്പാലയുടെ വാര്‍ത്ത നാടാകെ പരന്നു.

ഇതോടെ ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ച് പാമ്പിനെ കാണാൻ ആളുകളും തടിച്ചുകൂടി. ഇവരെ നിയന്ത്രിക്കാന്‍ ഒടുവില്‍ പൊലീസും സ്ഥലത്തെത്തി. പാമ്പിനെ താഴെയിറക്കാന്‍ ഒരുകൈ നോക്കാന്‍ തീരുമാനിച്ച് ഫയർഫോഴ്‌സും എത്തിച്ചേര്‍ന്നു. അങ്ങനെ വനപാലകരും പൊലീസും ഫയര്‍ഫോഴ്സും പാമ്പ് പിടുത്തക്കാരും കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും രാജവെമ്പാലയെ തൊടാന്‍ പോലും കഴിഞ്ഞില്ല. രാത്രി 2 മണിവരെ നീണ്ട ശ്രമത്തിനൊടുവില്‍ വെളിച്ചം ഇല്ലാതായതോടെ പാമ്പ് പിടുത്തം താല്‍ക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. എന്നാല്‍ നേരം പുലര്‍ന്നതോടെ വനപാലകരുടെ നേതൃത്വത്തില്‍ പാമ്പിനെ താഴെയിറക്കാനുള്ള ശ്രമം പുനരാരംഭിച്ചു.

പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നു.
പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നു.
Mediaone

പാമ്പിരുന്ന പുളിംകൊമ്പ് വെട്ടിവീഴ്ത്തിയാണ് 20 മണിക്കൂർ നീണ്ട പരിശ്രമത്തിൽ രാജവെമ്പാലയെ താഴെയിറക്കിയത്. വനപാലകരും പാമ്പ് പിടുത്തക്കാരന്‍ മാർട്ടിൻ മേയ്ക്കമാലിയും ചേര്‍ന്ന് 16 അടിയോളം നീളം വരുന്ന രാജവെമ്പാലയെ ചാക്കിനുള്ളിലാക്കി. പാമ്പിനെ പിന്നീട് കരിമ്പാനി വനത്തിൽ തുറന്നുവിട്ടു.