LiveTV

Live

Kerala

പറന്നുവന്ന ഹൃദയങ്ങള്‍ സ്വീകരിച്ചവര്‍ ഒത്തുചേര്‍ന്നപ്പോള്‍

രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ എത്തിച്ച ഹൃദയം സ്വീകരിച്ച ലീനയെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ മാത്യു അച്ചാടനും സന്ധ്യയുമാണ് സന്ദർശിച്ചത്

പറന്നുവന്ന ഹൃദയങ്ങള്‍ സ്വീകരിച്ചവര്‍ ഒത്തുചേര്‍ന്നപ്പോള്‍
ലീനയെ സന്ദര്‍ശിച്ച ശേഷം മാത്യു അച്ചാടനും സന്ധ്യയും കുടുംബാംഗങ്ങളോടൊപ്പം ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് വരുന്നു
ലീനയെ സന്ദര്‍ശിച്ച ശേഷം മാത്യു അച്ചാടനും സന്ധ്യയും കുടുംബാംഗങ്ങളോടൊപ്പം ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് വരുന്നു
Mediaone

ദിവസങ്ങള്‍ക്ക് മുമ്പാണ് തിരുവനന്തപുരം സ്വദേശി ലാലി ടീച്ചറുടെ ഹൃദയം ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിച്ച് ലീനയുടെ ശരീരത്തോട് ചേര്‍ത്തത്. ചികിത്സ തുടരുന്ന ലിസിക്ക് ഉടന്‍‌ തന്നെ ആശുപത്രിവിടാനുമാകും. ആശുപത്രിവിട്ട് വീട്ടിലെത്തിയാല്‍ സാധാരണ ജീവിതം സാധ്യമാകുമോ എന്ന് ലീനക്ക് എന്തെങ്കിലും സംശയങ്ങള്‍ ബാക്കിയുണ്ടായിരുന്നുവെങ്കില്‍ അത് ഇന്ന് പൂര്‍ണമായും മാറിയ ദിവസം കൂടിയാണ്. മാത്യു അച്ചാടന്റെയും സന്ധ്യയുടെയും സന്ദര്‍ശനം അത്രക്കാണ് ലീനയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്

2015ല്‍ മസ്തിഷക മരണം സംഭവിച്ച നീലകണ്ഠ ശര്‍മ്മയുടെ ഹൃദയം നേവിയുടെ ഡോണിയര്‍ വിമാനത്തില്‍ എത്തിച്ചായിരുന്നു ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടന്റെ ശരീരത്തോട് ചേര്‍ത്തത്. 2016 ല്‍ സമാനരീതിയില്‍ എത്തിച്ച വിശാലിന്റെ ഹൃദയമാണ് സന്ധ്യയുടെ ശരീരത്തില്‍ മിടിക്കുന്നത്. വര്‍ഷം തോറുമുള്ള തുടര്‍പരിശോധനകള്‍ ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് മാത്യുവും, സന്ധ്യയും ലീനയെ സന്ദര്‍ശിച്ചത്. സ്വന്തമായി ഓട്ടോ ടാക്‌സി ഓടിച്ചാണ് മാത്യു ഇപ്പോള്‍ ജീവിക്കുന്നത്. അലങ്കാര മത്സ്യവില്‍പ്പനയിലൂടെയാണ് സന്ധ്യ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. മാത്യുവിൻറെ ഒപ്പം ഭാര്യ ബിന്ദുവും, സന്ധ്യയുടെ ഒപ്പം മകൻ നാല് വയസ്സുകാരൻ ഗൗതം, ഭർത്താവ് പ്രമോദ് എന്നിവരും ഉണ്ടായിരുന്നു. അവര്‍ വരുന്നതറിഞ്ഞ് ലീന കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു.

ലീനയ്ക്ക് പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയട്ടെ എന്നാശംസിച്ച് കൊണ്ടാണ് മാത്യുവും സന്ധ്യയും ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍ലസായി ഉപയോഗിച്ചായിരുന്നു ലാലി ടീച്ചറുടെ ഹൃദയം കൊച്ചിയിലെത്തിച്ചത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം മുറിയില്‍ വിശ്രമിക്കുന്ന ലീനയുടെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമാണെന്നും വൈകാതെ തന്നെ ആശുപത്രി വിടാനാകുമെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.