LiveTV

Live

Kerala

പ്രവാസികൾക്ക് മേൽ അമിതഭാരം ചുമത്തരുത്, സർക്കാർ തീരുമാനം പുനഃപരിശോധിക്കണം; കാന്തപുരം

സാഹചര്യങ്ങളുടെ സങ്കീർണ്ണത ഉൾക്കൊണ്ട് പ്രസ്‌തുത തീരുമാനം പിന്‍വലിക്കുകയോ പാവപ്പെട്ടവർക്ക് പൂർണമായ ഇളവ് അനുവദിക്കുകയോ ചെയ്യണമെന്നും കാന്തപുരം ആവശ്യപ്പെട്ടു

പ്രവാസികൾക്ക് മേൽ അമിതഭാരം ചുമത്തരുത്, സർക്കാർ തീരുമാനം പുനഃപരിശോധിക്കണം; കാന്തപുരം

തിരികെ നാട്ടിലെത്തുന്ന പ്രവാസികള്‍ ക്വാറന്‍റൈന്‍ ചിലവുകള്‍ മുഴുവന്‍ വഹിക്കണമെന്ന സംസ്ഥാനത്തിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യൻ ഗ്രാന്‍റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാര്‍. പ്രവാസലോകത്തിന് വലിയ ഞെട്ടലുണ്ടാക്കിയ പെയ്‌ഡ്‌ ക്വാറന്‍റൈന്‍ നിർദേശം കോവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ നിഷ്പ്രഭമാക്കുന്നതും സർക്കാരിൽ പ്രതീക്ഷയർപ്പിച്ച പ്രവാസികളെ ആശങ്കപ്പെടുത്തുന്നതുമാണെന്ന് കാന്തപുരം പറഞ്ഞു. മാസങ്ങളായി തൊഴില്‍ നഷ്ടപ്പെട്ട് മറ്റുള്ളവരുടെ കനിവില്‍ വിമാനയാത്രക്കൂലി സംഘടിപ്പിച്ചു വരുന്ന പാവപ്പെട്ട പ്രവാസികള്‍ക്ക് ഇത് ഒരിക്കലും വഹിക്കാന്‍ കഴിയുന്നതല്ല. സാഹചര്യങ്ങളുടെ സങ്കീർണ്ണത ഉൾക്കൊണ്ട് പ്രസ്‌തുത തീരുമാനം പിന്‍വലിക്കുകയോ പാവപ്പെട്ടവർക്ക് പൂർണമായ ഇളവ് അനുവദിക്കുകയോ ചെയ്യണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

ചില ജില്ലാഭരണകൂടങ്ങള്‍ നേരത്തെ തന്നെ ഒഴിഞ്ഞു കിടക്കുന്ന അവരുടെ സ്വന്തം കെട്ടിടങ്ങളില്‍ പ്രവാസികളെ ക്വാറന്‍റൈന്‍ ചെയ്യാന്‍ അനുമതി നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമുദായിക സംഘടനകളും സമാനമായ സന്നദ്ധത മുമ്പുതന്നെ സർക്കാരിനെ അറിയിച്ചതാണ്. ഇക്കാര്യം പരിഗണിച്ച് പ്രവാസികള്‍ക്ക് ഇത്തരം സ്ഥാപനങ്ങളിലോ കെട്ടിടങ്ങളിലോ സർക്കാർ നിർദേശം പൂർണമായി പാലിച്ചുകൊണ്ട് ക്വാറന്‍റൈനിൽ കഴിയാനുള്ള അവസരമൊരുക്കണമെന്നും ഈ ദുരിതകാലത്ത് പ്രവാസികൾക്ക് മേൽ അമിതഭാരം ചുമത്തരുതെന്നും കാന്തപുരം മുഖ്യമന്ത്രിക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.