LiveTV

Live

Kerala

ഉത്തരേന്ത്യയിലെ ഹിംസാത്മക വർഗീയ രാഷ്ട്രീയം ഇറക്കുമതി ചെയ്യാന്‍ ഗൂഢ പദ്ധതി: തനിമ കലാസാഹിത്യവേദി

മുളയിലേ നുള്ളിയില്ലെങ്കില്‍ ഭാവിയിൽ കേരളവും ഒരു വർഗീയ ചോരക്കളമായി മാറും

ഉത്തരേന്ത്യയിലെ ഹിംസാത്മക വർഗീയ രാഷ്ട്രീയം ഇറക്കുമതി ചെയ്യാന്‍ ഗൂഢ പദ്ധതി: തനിമ കലാസാഹിത്യവേദി

ഉത്തരേന്ത്യയിലെ ഹിംസാത്മകമായ വർഗീയ രാഷ്ട്രീയം കേരളത്തിൽ ഇറക്കുമതി ചെയ്യാനുള്ള ഗൂഢമായ പദ്ധതിയാണ് ബജ്‍രംഗദൾ മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് തകർത്തതിലൂടെ ചെയ്തതെന്ന് തനിമ കലാസാഹിത്യവേദി. ഇത് മുളയിലേ നുള്ളിയില്ലെങ്കിൽ ഭാവിയിൽ കേരളവും ഒരു വർഗീയ ചോരക്കളമായി മാറും. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമവാഴ്ച പുനസ്ഥാപിക്കണം. ഈ ഹീനമായ പ്രവർത്തിക്കെതിരെ കേരളത്തിലെ എല്ലാ കലാകാരന്മാർക്കും ഒപ്പം ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് തനിമ കലാസാഹിത്യവേദി സംസ്ഥാന പ്രസിഡന്റ്‌ ആദം അയൂബും സംസ്ഥാന സെക്രട്ടറി ഫൈസൽ കൊച്ചിയും പറഞ്ഞു.

ടൊവിനോ തോമസ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് ഇന്നലെയാണ് രാഷ്ട്രീയ ബജ്റംഗദള്‍, എഎച്ച്പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊളിച്ച് നീക്കിയത്. കാലടി മണപ്പുറത്ത് നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് പൊളിച്ച് മാറ്റിയത്.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ രണ്ടാംഘട്ട ഷൂട്ടിങിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കിനിര്‍‌മിച്ച സെറ്റാണിത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ചിത്രീകരണം അനുമതി കിട്ടിയാലുടന്‍ തുടങ്ങാനിരിക്കെയാണ് സംഭവം. എല്ലാ അനുമതിയോടും കൂടിയാണ് സെറ്റ് നിര്‍മിച്ചതെന്ന് സിനിമയുടെ നിർമാതാവ് സോഫിയ പോൾ വ്യക്തമാക്കി.

സെറ്റ് പൊളിച്ച സംഭവത്തില്‍ എച്ച്പി പ്രവര്‍ത്തകന്‍ രതീഷിനെ അറസ്റ്റ് ചെയ്തു. മറ്റ് നാല് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.