LiveTV

Live

Kerala

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കണ്ണൂര്‍ സ്വദേശിനി

കണ്ണൂര്‍ ധര്‍മ്മടം സ്വദേശി ആസിയ ആണ് മരിച്ചത്. 62 വയസായിരുന്നു

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കണ്ണൂര്‍ സ്വദേശിനി

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. കണ്ണൂർ ധർമടം സ്വദേശി ആസിയ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ തുടരുമ്പോഴാണ് ആസിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വൈറല്‍ ന്യൂമോണിയ കൂടി ബാധിച്ചതോടെ ആസിയയുടെ നില രണ്ട് ദിവസമായി ഗുരുതരമായി തുടരുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടരയോടെ ഹൃദയാഘാതമുണ്ടാവുകയും തുടർന്ന് മരിക്കുകയുമായിരുന്നു. ഇവർക്കെവിടെ നിന്നാണ് കോവിഡ് ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

എന്നാൽ ഇവരുമായി സമ്പർക്കം പുലർത്തിയ എട്ട് പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ സ്രവം കൂടി പരിശോധനയ്ക്ക് അയച്ചു. കോവിഡ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് വയനാട് സ്വദേശിനി ആമിന കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

49 പേര്‍ക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് ഇന്നലെ 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്

18 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-12, ഒമാന്‍-1, സൗദി അറേബ്യ-1, അബുദാബി-1, മാലി ദ്വീപ്-1, കുവൈറ്റ്-1, മസ്‌കറ്റ്-1) വന്നവരാണ്. 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-17, തമിഴ്‌നാട്-4, ഡല്‍ഹി-2, കര്‍ണാടക-2) വന്നവരാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ റിമാന്റ് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.

4 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. കണ്ണൂര്‍ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്പുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 59 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

359 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 532 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,278 പേര്‍ നിരീക്ഷണത്തിലാണ്.