LiveTV

Live

Kerala

അപ്രഖ്യാപിത നിയമന നിരോധനം: യുവജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് എം കെ മുനീര്‍

യുവാക്കളുടെ ആശങ്ക പരിഹരിക്കുന്നതിന് മുൻകൈയെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഡോ എം.കെ മുനീർ ആവശ്യപ്പെട്ടു.

അപ്രഖ്യാപിത നിയമന നിരോധനം: യുവജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് എം കെ മുനീര്‍

കോവിഡ് 19 വ്യാപനവും തുടർന്ന് ലോക്ക് ഡൗണും മൂലം സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനം ആണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ. ലോക്ക് ഡൗൺ മൂലം പി.എസ്.സിയിൽ ജീവനക്കാർ എത്തിച്ചേരാത്തതും വിവിധ വകുപ്പുകളിലെ ജീവനക്കാർ ഓഫീസുകളിൽ എത്തിച്ചേരാത്തതും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും മൂലമാണ് ഈ സാഹചര്യം ഉണ്ടായിരിക്കുന്നത്. നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിച്ചും നിയമന ശിപാർശകൾ വേഗത്തിൽ നൽകിയും ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഒരു കർമ്മ പദ്ധതിക്ക് സർക്കാർ മുൻകൈയെടുത്ത് രൂപം നൽകണം. പി.എസ്.സി അധികൃതരുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തി യുവാക്കളുടെ ആശങ്ക പരിഹരിക്കുന്നതിന് മുൻകൈയെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഡോ എം.കെ മുനീർ ആവശ്യപ്പെട്ടു.

വിവിധ ബെറ്റാലിയനിൽ നിന്ന് പോലീസ് കോൺസ്റ്റബിൾമാരുടെ ആയിരത്തോളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിലെ പോലീസ് റാങ്ക് ലിസ്റ്റിൻറെ കാലാവധി ജൂൺ 30ന് അവസാനിക്കുകയാണ്. കോപ്പിയടി വിവാദവുമായി ബന്ധപ്പെട്ട് റാങ്ക് പട്ടിക നാല് മാസത്തോളം മരവിച്ചിരുന്നു. ഉദ്യോഗാർഥികളുടെതല്ലാത്ത കാരണത്താൽ നാല് മാസത്തോളം നിയമനം നടത്താൻ കഴിയാത്ത പോലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നാലു മാസം കൂടി ദീർഘിപ്പിക്കണമെന്നും എം കെ മുനീർ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ നിന്നും നാമമാത്രമായ നിയമനങ്ങളാണ് നടത്തിയിട്ടുള്ളത്. പുതിയ റാങ്ക് ലിസ്റ്റ് വരുന്നതുവരെ സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ആരോഗ്യ വകുപ്പിൽ താൽക്കാലിക നിയമനങ്ങൾ ആണ് സർക്കാർ നടത്തുന്നത്. സ്റ്റാഫ് നേഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ നിയമനം പി.എസ്.സി റാങ്ക് പട്ടികയിൽ നിന്നു നടത്തണം. പ്രധാന പല ആശുപത്രികളിലും ഐസിയു അടക്കം ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും എം കെ മുനീര്‍ ആവശ്യപ്പെട്ടു.