ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 നിയമനം ഇഴഞ്ഞ് നീങ്ങുന്നു; ലിസ്റ്റ് നിലവില്‍ വന്നിട്ട് രണ്ട് വര്‍ഷം
താല്‍ക്കാലിക നിയമനങ്ങള്‍ കൂടുതലായി നടത്തി സ്ഥിര നിയമനം വൈകിക്കുന്നുവെന്നാണ് പരാതി

ആരോഗ്യ വകുപ്പിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 നിയമനം കോഴിക്കോട് ജില്ലയില്‍ ഇഴഞ്ഞു നീങ്ങുന്നതായി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍. താല്‍ക്കാലിക നിയമനങ്ങള്‍ കൂടുതലായി നടത്തി സ്ഥിര നിയമനം വൈകിക്കുന്നുവെന്നാണ് പരാതി. ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേ മെയിന്‍ ലിസ്റ്റിലെ മൂന്നില്‍ ഒന്നാളുകള്‍ക്ക് പോലും നിയമനം ലഭിച്ചിട്ടില്ല.
2018 ജൂലൈ 16 നാണ് ആരോഗ്യ വകുപ്പിലെ സ്റ്റാഫ് നേഴ്സ് ഗ്രേഡ് നിയമനത്തിനുള്ള പിഎസ് സി ലിസ്റ്റ് നിലവില്‍ വന്നത്. നിയമനം വേഗത്തിലാക്കാനായി അഭിമുഖം ഒഴുവാക്കാനും ധാരണയായി. പക്ഷേ രണ്ട് വര്‍ഷമാകുമ്പോഴും കാര്യമായ രീതിയില്‍ നിയമനങ്ങള്‍ നടന്നിട്ടില്ല. കോഴിക്കോട് ജില്ലയിലെ മെയിന്‍ ലിസ്റ്റില്‍ 467 പേരുള്ളപ്പോള് നിയമനം ലഭിച്ചത് 100 പേര്‍ക്ക് മാത്രം. സ്റ്റാഫ് നേഴ്സ് ഗ്രേഡ് 1 ഉം ഗ്രേഡ് 2 ഉം തമ്മിലുള്ള എണ്ണത്തിലെ അന്തരം കാലാക്രമേണ ഇല്ലാതാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവും നിയമനങ്ങള്‍ കുറയുന്നതിന് ഇടയാക്കി.
നിലവിലുള്ള ലിസ്റ്റില്‍ നിന്ന് കാര്യമായി നിയമനം നടക്കാത്തതിരിക്കെ തന്നെ പുതിയ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് പരീക്ഷ നടത്താനായി പിഎസ് സി അപേക്ഷ ക്ഷണിക്കുകയും ചെയ്തു.