മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ട്രയിനിന് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചതിൽ ആശയക്കുഴപ്പം
ട്രയിനെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് ജില്ലാ ഭരണ കൂടം വിവരമറിഞ്ഞത്

മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ട്രയിനിന് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചതിൽ ആശയക്കുഴപ്പം . ട്രയിനെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് ജില്ലാ ഭരണകൂടം വിവരമറിഞ്ഞത് . ട്രയിന്‍ ഇറങ്ങുന്നവരെ പരിശോധിക്കുന്നതിന് ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കേണ്ടി വന്നു. മുന്‍കൂട്ടി അറിയിക്കാതെ ട്രെയിന്‍ വരുന്ന വാര്‍ത്ത മീഡിയവണാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നലെ രാത്രി പത്ത് മണിക്കാണ് മുംബൈ ലോക് മാന്യ തിലക് റെയിൽവെ സ്റ്റേഷനിൽ നിന്ന് 1400 ഓളം യാത്രക്കാരുമായി ട്രെയിൻ പുറപ്പെട്ടത്. കോൺഗ്രസ് മഹാരാഷ്ട്ര ഘടകമാണ് മലയാളികൾക്ക് മാത്രമായി ഈ ട്രെയിൻ ഏർപ്പാട് ചെയ്തത്. ഷൊർണൂർ, എറണാകുളം,തിരുവനന്തപുരം എന്നിവിടങ്ങളിൽ മാത്രമായിരുന്നു ട്രെയിനിന് സ്റ്റോപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ രാവിലെ 9.30 ഓടെയാണ് ട്രെയിൻ കണ്ണൂരിൽ നിർത്തുമെന്ന വിവരം സ്റ്റേഷൻ അധികൃതർക്ക് ലഭിച്ചത്. എന്നാൽ കണ്ണൂരിലിറങ്ങുന്ന യാത്രക്കാരുടെ വിവരം ലഭിക്കാൻ പിന്നെയും വൈകി. പതിനൊന്ന് മണിയോടെയാണ് ഇവരുടെ അന്തിമ പട്ടിക ജില്ലാ ഭരണകൂടത്തിന് ലഭിച്ചത്.പിന്നാലെ എസ്.പി, ഡപ്യൂ. കലക്ടർ, എ.ഡി.എം, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ വൻ നിര റെയിൽവെ സ്റ്റേഷനിലെത്തി.തുടർന്ന് യുദ്ധകാല അടിസ്ഥാനത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി.
കണ്ണൂർ ജില്ലയിൽ നിന്നുള്ള 103 പേരും കോഴിക്കോട് ജില്ലക്കാരായ 50 പേരും വയനാട് ജില്ലയിൽ നിന്നുള്ള 16 പേരും അടക്കം ഏതാണ്ട് 200 ഓളം പേർ കണ്ണൂരിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇവർക്കായി 15 ഓളം കെ.എസ്.ആർ.ടിസി ബസുകളും ആരോഗ്യ പരിശോധനാ സംവിധാനവുമടക്കം റെയിൽവെ സ്റ്റേഷനിൽ തയ്യാറാക്കിയിട്ടുണ്ട്.