LiveTV

Live

Kerala

കേരളത്തില്‍ കോവിഡ് 19 സമൂഹ വ്യാപന സാധ്യതയുണ്ടോ..?: പഠനം നടത്താന്‍ ഐ.സി.എം.ആര്‍ സംഘം എറണാകുളത്ത്

എറണാകുളത്തിന് പുറമേ കേരളത്തില്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലും സംഘം സര്‍വേ നടത്തും

കേരളത്തില്‍ കോവിഡ് 19 സമൂഹ വ്യാപന സാധ്യതയുണ്ടോ..?: പഠനം നടത്താന്‍ ഐ.സി.എം.ആര്‍ സംഘം 
എറണാകുളത്ത്

രാജ്യത്ത് കോവിഡ് രോഗ വ്യാപനവും രോഗ പ്രതിരോധ തോതും കണ്ടെത്തുന്നതിന്‍റെ ഭാഗമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സംഘടിപ്പിക്കുന്ന സെറോ സര്‍വേക്കാണ് എറണാകുളം ജില്ലയില്‍ തുടക്കമായിരിക്കുന്നത്. ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞന്മാരായ ഡോ.വിമിത് സി വില്‍സണ്‍, ഡോ വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐ.സി.എം.ആറില്‍ നിന്നുള്ള ഇരുപത് അംഗ സംഘവും, ജില്ല ആരോഗ്യ വിഭാഗത്തിലെ പത്ത് ലാബ് ടെക്‌നിഷ്യന്മാരും പത്ത് ആശ പ്രവര്‍ത്തകരും ചേര്‍ന്ന് പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സര്‍വ്വേ നടത്തുക. രാജ്യമൊട്ടാകെ 69 ജില്ലകളില്‍ സര്‍വ്വേ നടത്തുന്നതിന്‍റെ ഭാഗമായാണ് സംഘം എറണാകുളത്ത് എത്തിയത്. സംസ്ഥാനത്ത് പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളാണ് സര്‍വ്വേക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഓരോ പോയിന്‍റുകളില്‍ നിന്നും നാല്‍പത് സാംപിളുകള്‍ വീതം ജില്ലയില്‍ നിന്നാകെ 400 സാംപിളുകള്‍ ആയിരിക്കും ഐ.സി.എം. ആര്‍ ശേഖരിക്കുന്നത്.

ജില്ലയിലെ വ്യത്യസ്തങ്ങളായ പത്ത് പ്രദേശങ്ങളില്‍ നിന്നാവും സാംപിളുകള്‍ ശേഖരിക്കുന്നത്. ഐ.സി.എം.ആറും പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്ന വികസിപ്പിച്ച എലിസ ടെസ്റ്റ് സംവിധാനം ഉപയോഗിച്ചായിരിക്കും പരിശോധനകള്‍ നടത്തുന്നത്. ചെന്നൈ ഐ.സി.എം.ആർ - എൻ.ഐ.ആർ.ടി ഇന്റര്‍മീഡിയേറ്റ് റഫറൻസ് ലബോറട്ടറിയില്‍ ആയിരിക്കും കേരളത്തില്‍ നിന്നുള്ള സാംപിളുകള്‍ പരിശോധിക്കുന്നത്. കോവിഡ് വൈറസിനെതിരെ ആളുകളില്‍ പ്രതിരോധം നേടിയിട്ടുണ്ടൊ എന്നും പരിശോധന വഴി കണ്ടെത്താന്‍ സാധിക്കും. രാജ്യമൊട്ടാകെ 24000 പേരുടെ സാംപിളുകള്‍ ആണ് സര്‍വ്വേയുടെ ഭാഗമായി ശേഖരിക്കുന്നത്.