LiveTV

Live

Kerala

വൈൻ നിർമാണത്തിന് ഫേസ് ബുക്കിലൂടെ അനുഗ്രഹം തേടി, വീട്ടിലെത്തി ‘അനുഗ്രഹിച്ച്’ എക്സൈസ് സംഘം.

വൈൻ നിർമിക്കുന്നതായി ഫേസ് ബുക്ക് പോസ്റ്റിട്ട യുവാവിനാണ് എട്ടിന്റെ പണി കിട്ടിയത്

വൈൻ നിർമാണത്തിന് ഫേസ് ബുക്കിലൂടെ അനുഗ്രഹം തേടി, വീട്ടിലെത്തി ‘അനുഗ്രഹിച്ച്’  എക്സൈസ് സംഘം.
എക്സൈസ് സംഘം പിടികൂടിയ വാഷ്
എക്സൈസ് സംഘം പിടികൂടിയ വാഷ്

''വൈഫ് ഹൗസിലെ പൈനാപ്പിൾ കൃഷി. ഒരു ലോഡ് ഇറക്കി. ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാൻ പോകുന്നു. ഏവരുടേയും, എക്സൈസുകാരുടേയും അനുഗ്രഹം വേണം'' എന്നായിരുന്നു ആലുവ കിടങ്ങൂർ സ്വദേശി ഷിനോ മോന് ചാക്കോയുടെ ഫേസ് ബുക്ക് പോസ്റ്റ്.

പോസ്റ്റ് ഫേസ്ബുക്കിലൂടെ ഷെയർ ചെയ്യപ്പെട്ടോ ആരോ ഒറ്റ് കൊടുത്തോ ഒടുവിൽ എക്സൈസ് സംഘത്തിന്റെ അടുത്തെത്തി. അനുഗ്രഹം ചോദിച്ച് പോസ്റ്റിട്ടല്ലേ അതങ്ങ് വാരിക്കോരി കൊടുത്തേക്കാമെന്ന് എക്സൈസുകാരും തീരുമാനിച്ചു. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.എസ് രഞ്ജിത്തിന്റെ നിർദേശപ്രകാരം ആലുവ സർക്കിൾ ഇൻസ്പെക്ടർ സോജൻ സെബാസ്റ്റ്യനും സംഘവും ഷിനോ മോന്‍ ചാക്കോയുടെ വീട്ടിൽ നേരിട്ടെത്തി. വീട്ടിൽ നടത്തിയ റെയ്ഡിൽ വൈൻ നിർമാണത്തിനായി സൂക്ഷിച്ചിരുന്ന അഞ്ചു ലിറ്റർ വാഷും എക്സൈസ് സംഘം കണ്ടെടുത്തു. വീടിന്റെ അടുക്കളയോടു ചേർന്നുള്ള സ്റ്റോർ മുറിയിൽ ചീന ഭരണിയിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. ഏതായാലും ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റിലൂടെ എക്സൈസ് സംഘത്തെ വിളിച്ച് വരുത്തിയ ഷിനോ മോന് കേസിന്റെ രൂപത്തിലാണ് അനുഗ്രഹം കിട്ടിയതെന്ന് മാത്രം.

റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ അനിൽകുമാർ .കെ .എച്ച്, പി.കെ.ഗോപി, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കുമാർ . എം എം , ബസന്ത് കുമാർ . പി എസ് , വനിത സിവിൽ എക്സൈസ് ഓഫീസർ നീതു എന്നിവർ പങ്കെടുത്തു.