'ഗോപാലകൃഷ്ണാ അങ്ങനെയങ്ങ് അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യല്ലേ, തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ?'; ബിജെപി നേതാവ് ഗോപാലകൃഷ്ണന് ശൈലജ ടീച്ചറുടെ മറുപടി

കോവിഡുമായി ബന്ധപ്പെട്ട കേരളത്തിന്റെ നേട്ടം ചര്‍ച്ചചെയ്യുന്ന ബി.ബി.സി അഭിമുഖത്തില്‍ പറ്റിയ വസ്തുതാപരമായ തെറ്റ് നാക്ക് പിഴയായിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്റെ ആരോപണത്തിനാണ് ആരോഗ്യ മന്ത്രി മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനില്‍ മറുപടി നല്‍കിയത്. തനിക്ക് പറ്റിയ നാക്ക് പിഴയില്‍ ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെയും ആരോഗ്യ മന്ത്രി വിശ്വജിത്ത് പി റാണെയും വിളിച്ച് സംസാരിച്ചതായും അവര്‍ക്ക് കാര്യം മനസ്സിലാകുകയും പ്രശ്നമില്ലെന്ന് പ്രതികരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രി പറഞ്ഞു. കേരളത്തില്‍ മരണപ്പെട്ട നാല് പേരില്‍ ഒരാള്‍ കേന്ദ്ര ഭരണപ്രദേശമായ മാഹിയില്‍ നിന്നായിരുന്നു എന്ന് പറയേണ്ടതിന് പകരം ഗോവയില്‍ നിന്നായിരുന്നു എന്ന് തെറ്റായിട്ടായിരുന്നു ആരോഗ്യ മന്ത്രി ബി.ബി.സി അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.
ബി.ബി.സി അഭിമുഖത്തില്‍ പി.ആര് വിഭാഗം എഴുതി തന്നത് വായിക്കുകയായിരുന്നു എന്ന വിമര്‍ശനത്തിനും ആരോഗ്യ മന്ത്രി മറുപടി പറഞ്ഞു. 'ഞാനൊന്നുമല്ലെങ്കിലും ടീച്ചറല്ലേ, അങ്ങനെയങ്ങ് അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യല്ലേ. എനിക്ക് അക്ഷരം വായിക്കാനും എഴുതാനുമൊക്കെ അറിയാം ഗോപാലകൃഷ്ണാ. ഇക്കാര്യത്തില്‍ നന്നായി പഠിച്ചിട്ടാണ് ഇടപ്പെടുന്നത്. ആ പഠിക്കാന്‍ കഴിയാത്ത ബുദ്ധിമോശമൊന്നും എനിക്കില്ല. ഞാന്‍ ലോകത്തേറ്റവും അറിയുന്ന ആളാണെന്ന് നടിക്കാറില്ല. ഇത്തരം കാര്യങ്ങളെല്ലാം നേരിടാനും നിയന്ത്രിക്കാനും പഠിക്കാനും ഇടപെടാനുമുള്ള കഴിവില്‍ ഞാന്‍ എന്നെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നില്ല'; ശൈലജ ടീച്ചര്‍ മറുപടി പറഞ്ഞു.
തനിക്കെതിരായ ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ പരിഹാസങ്ങള്‍ക്കെതിരെയും ശൈലജ ടീച്ചര്‍ മറുപടി നല്കി. 'നിങ്ങളുടെ പ്രവര്‍ത്തകര്‍ തുന്നല്‍ ടീച്ചര്‍ എന്നൊക്കെ പറഞ്ഞ് പോസ്റ്റിട്ടു. എനിക്ക് വിരോധമൊന്നുമില്ല ഗോപാലകൃഷ്ണാ. തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ. അങ്ങനെയാന്നും പരിഹസിച്ചിട്ട് ഇതാക്കാമെന്ന് വിചാരിക്കണ്ട'; മന്ത്രി മറുപടി നല്കി.
സ്പെഷ്യല്‍ എഡിഷന് ചര്‍ച്ചയുടെ പൂര്‍ണരൂപം കാണാം