LiveTV

Live

Kerala

പ്രവാസികള്‍ക്ക് മടങ്ങിയെത്താന്‍ പലിശരഹിത വായ്പ പദ്ധതിയുമായി മാഞ്ഞാലി സര്‍വീസ് സഹകരണബാങ്ക്

ദുരിതകാലത്ത് കൈതാങ്ങായി മാഞ്ഞാലി സര്‍വീസ് സഹകരണബാങ്ക്. പ്രവാസികള്‍ക്കായി പലിശ രഹിത വായ്പ പദ്ധതി.

പ്രവാസികള്‍ക്ക് മടങ്ങിയെത്താന്‍ പലിശരഹിത വായ്പ പദ്ധതിയുമായി മാഞ്ഞാലി സര്‍വീസ് സഹകരണബാങ്ക്

പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രയാസപ്പെടുന്നവരോട് ചേര്‍ന്ന് നിന്ന് കൊണ്ടുള്ള പദ്ധതികള്‍ ഇതാദ്യമായല്ല മാഞ്ഞാലി സര്‍വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്നത്. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ദുരിതം അനുഭവിച്ചവര്‍ക്ക് കൈതാങ്ങായെത്തിയ ബാങ്ക് ഇത്തവണ കോവിഡ് 19 ദുരിതത്തില്‍ അകപ്പെട്ട പ്രവാസികള്‍ക്കാണ് തുണയാവുന്നത്. ബാങ്കിന് കീഴിലെ അംഗങ്ങളും കുടുംബാംഗങ്ങളും സാമ്പത്തികപ്രതിസന്ധി കാരണം വിദേശത്ത് നിന്ന് മടങ്ങിയെത്താന്‍ പ്രയാസപ്പെടുന്നുവെന്ന് മനസ്സിലാക്കിയാണ് പുതിയ വായ്പ പദ്ധതിക്ക് ബാങ്ക് ഭരണസമിതി അംഗീകാരം നല്‍കിയത്.

കോവിഡ് 19 പ്രതിസന്ധിയില്‍ കുടുങ്ങി മടക്കയാത്രക്ക് ടിക്കറ്റ് പോലും ഇല്ലാതെ വിഷമിക്കുന്ന പ്രവാസികള്‍ക്ക് ബാങ്ക് ഇടപെട്ട് ടിക്കറ്റ് എടുത്ത് നല്‍കും. മടങ്ങിവരാന്‍ താല്‍പര്യമുള്ളവരോ കുടുംബാംഗങ്ങളോ ബാങ്കുമായി ബന്ധപ്പെട്ടാല്‍ വിമാനടിക്കറ്റ് എടുത്ത് നല്‍കും. നാട്ടില്‍ തിരികെയെത്തി ആറ് മാസങ്ങള്‍ക്ക് ശേഷം മാത്രം തിരിച്ചടവ് തുടങ്ങിയാല്‍ മതിയാവും. തിരിച്ചടവ് പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം കാലയളവ് ഉള്ള പദ്ധതിയില്‍‌ യാതൊരു പലിശയും ഈടാക്കുകയുമില്ല.

പ്രളയം വലിയ നാശം വിതച്ച പറവൂര്‍ മേഖലയില്‍ പലിശയൊഴിവാക്കിയുള്ള വായ്പകള്‍ നല്‍കി മുമ്പും മാതൃകപരമായ നടപടികള്‍ മാഞ്ഞാലി സര്‍വീസ് സഹകരണബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.