LiveTV

Live

Kerala

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷ: സര്‍ക്കാരിന് വെല്ലുവിളികളേറെ

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷ: സര്‍ക്കാരിന് വെല്ലുവിളികളേറെ

ഈ മാസം നടത്താന്‍ തീരുമാനിച്ച എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷ മാറ്റിവെച്ചെങ്കിലും ജൂണില്‍ പരീക്ഷ നടത്തുമ്പോള്‍ സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ്. ഗള്‍ഫിലെയും ലക്ഷദ്വീപിലെയും പരീക്ഷാ നടത്തിപ്പ്, സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ പരീക്ഷ എഴുതിപ്പിക്കല്‍ എന്നിവ സര്‍ക്കാരിന് തലവേദനയാകും.

കേരളത്തില്‍ പരീക്ഷ നടക്കുന്ന അതേ ദിവസമാണ് ഗള്‍ഫിലും ലക്ഷദ്വീപിലും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടക്കുക. സംസ്ഥാനത്ത് നിന്നുള്ള അധ്യാപകരാണ് നിരീക്ഷകരായി സാധാരണ ഗള്‍ഫിലും ലക്ഷദ്വീപിലും പോവുക. കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ജൂണില്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചാലും അധ്യാപകര്‍ക്ക് കടല്‍കടക്കുക പ്രായോഗികമല്ല. അവിടങ്ങളിലെ അധ്യാപകരെ ഉപയോഗിച്ച് പരീക്ഷ നടത്തിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതില്‍ മറ്റു സാങ്കേതിക പ്രശ്നങ്ങളുണ്ടാകുമോ എന്നതും വിദ്യാഭ്യാസ വകുപ്പിനെ കുഴക്കുന്നുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളാണ് മറ്റൊരു വിഭാഗം. കര്‍ണാടകയില്‍ കുടുങ്ങിയ കാസര്‍കോട്ടെ വിദ്യാര്‍ഥികളുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഹോസ്റ്റലുകളിലും അനാഥാലയങ്ങളിലും പഠിച്ചിരുന്ന മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് എന്ന് സംസ്ഥാനത്താനാകും എന്നറിയില്ല. വന്നാലും ക്വാറന്‍റൈന്‍ നിയന്ത്രണമുണ്ടാകുമോ എന്ന ആശങ്കയും ഉണ്ട്. മറ്റു ജില്ലകളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അതത് ജില്ലകളില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിനും പരിമിതിയുണ്ട്. ഏതെങ്കിലും കാരണത്താല്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് സേ പരീക്ഷ അനുവദിച്ച് പരിഹാരം കാണാനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാറ്റി
Also Read

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാറ്റി

പരീക്ഷ മാറ്റി

എസ്എസ്എൽസി പരീക്ഷകൾ മെയ് 26 മുതല്‍ 28 വരെ ഉച്ചയ്ക്കും ഹയർ സെക്കൻഡറി പരീക്ഷകൾ മെയ് 26 മുതൽ 30 വരെ രാവിലെയും നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇന്നലെ വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി പറഞ്ഞത് പരീക്ഷ നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ആശങ്ക വേണ്ടെന്നുമാണ്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടികളുമായി വിദ്യാഭ്യാസ വകുപ്പും വേഗത്തില്‍ മുന്നോട്ട് പോയി.

എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ലെന്ന നിബന്ധന ലംഘിച്ച് പരീക്ഷ നടത്തുന്നതിനെതിരെ കേന്ദ്രം തന്നെ കര്‍ശന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് പരീക്ഷ മാറ്റാനുള്ള തീരുമാനം മന്ത്രിസഭാ യോഗം എടുത്തതെന്നാണ് സൂചന. ജൂണ്‍ ആദ്യം വരുന്ന കേന്ദ്രത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ആലോചന. പരീക്ഷാ തിയ്യതി സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്‍റെ അറിയിപ്പ് വരും ദിവസങ്ങളില്‍ വരും.