LiveTV

Live

Kerala

നിപയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പ്രോട്ടോകോള്‍; ആശുപത്രികളില്‍ കോവിഡ് വ്യാപനമില്ല

പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കപ്പെട്ടതോടെ സംസ്ഥാനത്ത് ആശുപത്രികളില്‍ നിന്ന് മറ്റ് രോഗികളിലേക്ക് കോവിഡ് ബാധയുണ്ടായിട്ടില്ല.

നിപയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പ്രോട്ടോകോള്‍; ആശുപത്രികളില്‍ കോവിഡ് വ്യാപനമില്ല

നിപ വ്യാപനം പോലെ കോവിഡ് പകര്‍ച്ച ഉണ്ടാവാതിരിക്കാനുള്ള കര്‍ശന നിയന്ത്രണത്തിലാണ് ആശുപത്രികള്‍. നിപ നല്‍കിയ പാഠത്തില്‍ നിന്നാണ് അണുവ്യാപനം തടയാനുള്ള പ്രോട്ടോകോള്‍ സംസ്ഥാനത്ത് നിലവില്‍ വന്നത്. അത്യാഹിത ചികിത്സക്ക് മാത്രം മെഡിക്കല്‍ കോളജുകളില്‍ എത്തിയാല്‍ മതിയെന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ അങ്ങനെ രൂപം കൊണ്ടതാണ്.

ആശുപത്രികളില്‍ നിന്നാണ് നിപ വ്യാപനമുണ്ടായതെന്ന കണ്ടെത്തല്‍ വലിയ മാറ്റമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ടാക്കിയത്. അണുബാധ നിയന്ത്രണം തടയാനുള്ള പ്രോട്ടോകോള്‍ നിലവില്‍ വന്നു. പ്രത്യേക പനി ക്ലിനിക്കുകള്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ യൂനിറ്റ്, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ, സന്ദര്‍ശക തിരക്ക് ഒഴിവാക്കല്‍ തുടങ്ങിവക്കെല്ലാം അന്താരാഷ്ട്ര നിലവാരത്തില്‍ മാനദണ്ഡങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കി.

പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കപ്പെട്ടതോടെ സംസ്ഥാനത്ത് ആശുപത്രികളില്‍ നിന്ന് മറ്റ് രോഗികളിലേക്ക് കോവിഡ് ബാധയുണ്ടായിട്ടില്ല. അതേസമയം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടെങ്കിലും ആര്‍ക്കും ഗുരുതരമായില്ല.

ഐസൊലേഷന്‍, റൂട്ട് മാപ്പ്, സമ്പര്‍ക്ക പട്ടിക..

നിപയെന്ന മഹാമാരി കേരളത്തെ പഠിപ്പിച്ചത് നിരവധി കാര്യങ്ങളാണ്. വൈറസ് ബാധയെ എങ്ങനെ നേരിടണം? എന്താണ് ഐസൊലേഷന്‍? റൂട്ട് മാപ്പ്, സമ്പര്‍ക്ക പട്ടിക എന്നിവ തയ്യാറാക്കേണ്ടത് എങ്ങനെ? ഇതെല്ലാം കേരളത്തിലെ ആരോഗ്യ മേഖല പഠിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ, ആശുപത്രികളിലെ അണുബാധ നിയന്ത്രണം അങ്ങനെ നിരവധി പുതിയ ചിന്തകളാണ് ആരോഗ്യ മേഖലയില്‍ ഉണ്ടായത്.

വൈറസ് ബാധയെ ജാഗ്രതയോടെ നേരിടാന്‍ ജനങ്ങളും തയ്യാറായി. കോവിഡ് വ്യാപനം തടയാന്‍ കേരളം കഠിനാദ്ധ്വാനം ചെയ്യുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം, ആശുപത്രികളില്‍ അണുബാധ നിയന്ത്രണ യൂനിറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ തുടങ്ങി. നിപയ്ക്ക് ശേഷം കോവിഡ്.. വൈറസ് ഭീഷണിയെ നേരിടുകയാണ് കേരളം.