LiveTV

Live

Kerala

ഷൈലജ ടീച്ചറെ പ്രശംസിച്ച് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ

കോവിഡിനെതിരായ പ്രതിരോധത്തില്‍ മേഖലയിലെ തന്നെ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് കേരളത്തിന്റേതെന്നും റനില്‍ വിക്രമസിംഗെ....

ഷൈലജ ടീച്ചറെ പ്രശംസിച്ച് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ

കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചറെ അഭിനന്ദിച്ച് കത്തയച്ച് ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് എങ്ങനെയാണ് കോവിഡിനെ നിയന്ത്രിക്കാനാവുമെന്ന് കേരളത്തിന്റെ ആരോഗ്യമന്ത്രിയായ നിങ്ങള്‍ മാതൃകയായെന്നാണ് വിക്രമസിംഗെ കത്തില്‍ പറയുന്നത്. മെയ് 18നാണ് വിക്രമസിംഗെ കേരളത്തിന്റെ ആരോഗ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം മാതൃകയാണെന്നും ആരോഗ്യപ്രവര്‍ത്തകരും പൊലീസുകാരും വളണ്ടിയര്‍മാരും അടങ്ങുന്നവരില്‍ കോവിഡ് പരിശോധനകള്‍ തുടര്‍ച്ചയായി നടത്തിയത് ലോകത്തിന് തന്നെ മാതൃകയാക്കാമെന്നും വിക്രമസിംഗെ പറയുന്നു. കോവിഡിനെതിരായ പ്രതിരോധത്തില്‍ മേഖലയിലെ തന്നെ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് കേരളത്തിന്റേതെന്നും കത്തിലുണ്ട്.

3.5 കോടി ജനങ്ങളുള്ള കേരളത്തില്‍ നാല് പേര്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിങ്ങളുടെ നേതൃത്വം അഭിനന്ദനം അര്‍ഹിക്കുന്നു. പ്രത്യേകിച്ചും ഇപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രാജ്യങ്ങള്‍ കൊറോണയെ നിയന്ത്രിക്കാന്‍ പെടാപ്പാട് പെടുമ്പോള്‍.
റനില്‍ വിക്രമസിംഗെ

ദ്വീപുരാഷ്ട്രമായ ശ്രീലങ്കയില്‍ ചൊവ്വാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം 992 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമ്പത് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രണ്ട് മാസം നീണ്ട ലോക്ഡൗണിന് ശേഷം ശ്രീലങ്ക ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.