ജീവകാരുണ്യ പ്രവര്ത്തകന് ഇപ്പു മുസ്ലിയാര് മരിച്ചത് പ്രവാസം മതിയാക്കി മടങ്ങാനിരിക്കെ; വേര്‍പാട് താങ്ങാനാകാതെ ഉറ്റവര്‍
മക്കയിലെ മലയാളികൾക്കിടയിൽ സുപരിചിതനായിരുന്ന ഇപ്പു മുസ്ലിയാർ നീണ്ടകാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് കോവിഡ് ബാധിച്ച് മരിച്ചത്
കോവിഡ് കാലത്ത് ജീവൻ പൊലിഞ്ഞ പ്രവാസികളിൽ ഒരാളാണ് മലപ്പുറം തെന്നല സ്വദേശി ഇപ്പു മുസ്ലിയാർ. മക്കയിലെ ജീവകാരുണ്യ രംഗത്തും സാമൂഹ്യ പ്രവർത്തന മേഖലയിലും നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിൻറെ വേർപാട് പലർക്കും അവിശ്വസനീയമാണ്. മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഇപ്പു മുസ്ലിയാരുടെ മരണം.
കോട്ടുവാല മുഹമ്മദ് മുസ്ലിയാർ എന്ന ഇപ്പു മുസ്ലിയാർ കഴിഞ്ഞ 30 വർഷമായി സൗദിയിലെ മക്കയിലായിരുന്നു. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും അദ്ദേഹം മക്കയിലെ മലയാളികൾക്കിടയിൽ സുപരിചിതനായിരുന്നു. നീണ്ടകാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ കോവിഡ് ബാധിതനായ അദ്ദേഹം മൂന്നു ദിവസത്തിനിടെ രോഗം മൂർച്ഛിച്ച് മരണമടഞ്ഞു.
ഒരുപാടുപേർക്കിടയിൽ ആഴത്തിലുള്ള ആത്മബന്ധം വളർത്തിയെടുത്ത ഇപ്പു മുസ്ലിയാരുടെ വേർപാട് പലർക്കും നികത്താനാവാത്ത ശൂന്യതയാണ്. നീണ്ട മൂന്ന് പതിറ്റാണ്ട് കാലം, സാമൂഹ്യ പ്രവർത്തന മേഖലയിലും ജീവകാരുണ്യ രംഗത്തും മക്കയിലെ നിറസാന്നിധ്യമായിരുന്നു ഇപ്പു മുസ്ലിയാർ. ഒടുവിൽ കുടുംബത്തോടൊപ്പം ചേരാനാകാതെ ഉറ്റവരുടെ പ്രാർത്ഥനയുമായി കബറടക്കവും മക്കയിൽ തന്നെ.