LiveTV

Live

Kerala

മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. മുംബൈയിലെ കൊളാബയില്‍ നിന്നെത്തിയ എടപ്പാള്‍ പോത്തന്നൂര്‍ സ്വദേശിയായ 49 കാരന്‍, മുംബൈയിലെ വര്‍ളിയില്‍ നിന്നെത്തിയ മുന്നിയൂര്‍ ചിനക്കല്‍ സ്വദേശിയായ 48 കാരന്‍, ജിദ്ദയില്‍ നിന്നെത്തിയ കാളികാവ് വെള്ളയൂര്‍ സ്വദേശിയായ 34 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധ.

മുംബൈയിലെ കൊളാബയില്‍ ഇളനീര്‍ വില്‍പ്പനക്കാരനാണ് എടപ്പാള്‍ പോത്തന്നൂര്‍ സ്വദേശി. മെയ് 12 ന് സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ യാത്രചെയ്ത് മെയ് 13ന് വീട്ടിലെത്തി പ്രത്യേക നിരീക്ഷണം ആരംഭിച്ചു. മൂക്കടപ്പിനെ തുടര്‍ന്ന് മെയ് 16 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പര്‍ക്കമുണ്ടായ ഭാര്യ, രണ്ട് മക്കള്‍, ഭാര്യാ സഹോദരന്‍, മാതാവ് എന്നിവരെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ജിദ്ദയില്‍ ജോലി ചെയ്യുന്ന കാളികാവ് വെള്ളയൂര്‍ സ്വദേശി കണ്ണിനുള്ള ചികിത്സയ്ക്കായി മെയ് 13 ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. മെയ് 14 മുതല്‍ സ്വന്തം വീട്ടില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണം ആരംഭിച്ചു. ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെയ് 16 ന് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പര്‍ക്കമുണ്ടായ സഹോദരന്‍, പിതാവ്, മാതാവ് എന്നിവര്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്.

മുംബൈയിലെ വര്‍ളിയില്‍ ഇളനീര്‍ വില്‍പ്പനക്കാരനായ മുന്നിയൂര്‍ ചിനക്കല്‍ സ്വദേശി സര്‍ക്കാര്‍ അനുമതിയോടെ മെയ് 12 ന് സ്വകാര്യ വാഹനത്തില്‍ യാത്ര ആരംഭിച്ച് മെയ് 14 ന് പുലര്‍ച്ചെ മുന്നിയൂരിലെ വീട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പ്രത്യേക നിരീക്ഷണം ആരംബിച്ചു. തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെയ് 16 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇയാളുമായി സമ്പര്‍ക്കമുണ്ടായ ഭാര്യ, മൂന്ന് മക്കള്‍ എന്നിവരെ പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.