LiveTV

Live

Kerala

നിപ എവിടെ നിന്ന്? എങ്ങനെ? രണ്ട് വര്‍ഷത്തിനിപ്പുറവും സാബിത്തിന്‍റെ കുടുംബത്തിന് ഉത്തരം കിട്ടിയിട്ടില്ല

ആദ്യം സാബിത്ത്. പിന്നെ സാബിത്തിന്‍റെ പിതാവ് മൂസയടക്കം 18 മരണം. സാബിത്തിനെ ചികിത്സിക്കുന്നിതിനിടെ സിസ്റ്റര്‍ ലിനി..

നിപ എവിടെ നിന്ന്? എങ്ങനെ? രണ്ട് വര്‍ഷത്തിനിപ്പുറവും സാബിത്തിന്‍റെ കുടുംബത്തിന് ഉത്തരം കിട്ടിയിട്ടില്ല

സംസ്ഥാനത്തെ ആകെ നടുക്കിയ നിപ എന്ന മഹാമാരിക്ക് മുന്നില്‍ നാം പകച്ച് നിന്നിട്ട് രണ്ടാണ്ട്. നിപ വൈറസ് മറ്റുള്ളവരിലേക്ക് വ്യാപിച്ചത് കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ വളച്ച് കെട്ടില്‍ മൂസയുടെ മകന്‍ സാബിത്തിൽ നിന്നായിരുന്നു. എന്നാൽ സാബിത്തിന് എങ്ങനെയാണ് നിപ വൈറസ് ബാധിച്ചതെന്ന് നിഗമനങ്ങൾക്കപ്പുറം ഇപ്പോഴും കണ്ടെത്തിയിട്ടില്ല.

സൂപ്പിക്കടയില്‍ വളച്ച് കെട്ടില്‍ മൂസയുടെ കുടുംബത്തില്‍ ഇപ്പോഴുള്ളത് ഭാര്യ മറിയവും മകന്‍ മുത്തലീബും. കുടുംബത്തിലെ മൂന്ന് ജീവനുകള്‍ നിപ കവര്‍ന്നെടുത്ത് രണ്ട് വര്‍ഷത്തിനിപ്പുറവും ഈ കുടുംബം അറിയാനാഗ്രഹിക്കുന്ന ഒന്നുണ്ട്. കേരളത്തെ ആകെ പിടിച്ചുലച്ച നിപ വൈറസിന്‍റെ തുടക്കകാരനായ സാബിത്തിന് എങ്ങനെയാണ് നിപ ബാധിച്ചത്? നിപയുടെ ഉറവിടം എവിടെയാണ്? പഠനങ്ങള്‍ തുടരുമ്പോഴും ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല.

പനി മൂലമുള്ള സാബിത്തിന്‍റെ മരണം നടന്ന് 13 ദിവസത്തിന് ശേഷം സഹോദരന്‍ സ്വാലിഹും പനിയെ തുടര്‍ന്ന് മരിക്കുന്നു. ഇതോടെയാണ് നിപയെന്ന മഹാമാരിയാണ് പിടിമുറുക്കുന്നതെന്ന് ആരോഗ്യ മേഖല തിരിച്ചറിയുന്നത്. പക്ഷേ അപ്പോഴേക്കും നിരവധി പേരെ നിപ വൈറസ് ബാധിച്ചിരുന്നു. സാബിത്തിന്‍റെ പിതാവ് മൂസയടക്കം 18 മരണം. സാബിത്തിനെ ചികിത്സിക്കുന്നിതിനിടെ രോഗബാധയേറ്റ് നിപ കവര്‍ന്നെടുത്ത സിസ്റ്റര്‍ ലിനി. നോവുന്ന ഓര്‍മ്മകളാണ് ഈ മരണങ്ങളെല്ലാം. വീണ്ടുമൊരു ദുരിതകാലത്തെ അഭിമുഖീകരിക്കുമ്പോള്‍ നില നല്‍കിയ പാഠമാണ് കരുത്ത്.