LiveTV

Live

Kerala

വഖഫ് ബോർഡ് നൽകിവന്ന സഹായങ്ങൾ നിഷേധിക്കരുത്; എം.കെ മുനീർ മുഖ്യമന്ത്രിക്ക് പരാതി നൽകി

ഒരു വിഭാഗം അംഗങ്ങൾ ഈ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ നാമനിർദേശം ചെയ്ത അംഗങ്ങളുടെ ഭൂരിപക്ഷത്തിൽ തീരുമാനം നടപ്പിൽ വരുത്താനാണ് ശ്രമിച്ചിട്ടുള്ളതെന്നും മുനീർ ആരോപിച്ചു.

വഖഫ് ബോർഡ് നൽകിവന്ന സഹായങ്ങൾ നിഷേധിക്കരുത്; എം.കെ മുനീർ മുഖ്യമന്ത്രിക്ക് പരാതി നൽകി

വഖഫ് ബോർഡിന്റെ സാമൂഹ്യ ക്ഷേമപദ്ധതി പ്രകാരം നൽകിവരുന്ന സഹായങ്ങൾ നിർത്തിവെച്ച തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ മുഖ്യമന്ത്രിക്ക് കത്തുനൽകി. ക്യാൻസർ, ഹൃദ്രോഗം, ട്യൂമർ, കിഡ്‌നി എന്നീ രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്കുള്ള ചികിത്സാസഹായവും പാവപ്പെട്ട പെൺകുട്ടികൾക്കുള്ള കല്യാണ സഹായങ്ങളും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നിഷേധിക്കരുതെന്ന് കത്തിൽ ആവശ്യപ്പെട്ടു.

മെയ് 13ന് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജീവനക്കാർക്ക് പെൻഷനും രോഗികൾക്ക് ചികിത്സാസഹായവും പെൺകുട്ടികൾക്കുള്ള വിവാഹ ധനസഹായവും ഉൾപ്പെടെ മൂന്നു കോടി രൂപ വഖഫ് ബോർഡിൻറെ തനത് ഫണ്ടിൽ നിന്നും നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ, 14-ലെ വഖഫ് ബോർഡ് യോഗം സാമൂഹ്യക്ഷേമ പദ്ധതികൾക്കുള്ള ധനസഹായം വിതരണം ചെയ്യുന്നത് നിർത്തിവെക്കാൻ തീരുമാനിക്കുകയാണുണ്ടായത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ധനസഹായവിതരണം തടഞ്ഞത്. ഇതേ ബോർഡ് യോഗം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപയും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് 10 ലക്ഷം രൂപയും നൽകുന്നതിന് തീരുമാനമെടുത്തു. ഇത് അനുചിതമാണ്. - മുനീർ പറഞ്ഞു.

ഒരു വിഭാഗം അംഗങ്ങൾ ഈ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ നാമനിർദേശം ചെയ്ത അംഗങ്ങളുടെ ഭൂരിപക്ഷത്തിൽ തീരുമാനം നടപ്പിൽ വരുത്താനാണ് ശ്രമിച്ചിട്ടുള്ളതെന്നും മുനീർ ആരോപിച്ചു. ബഡ്ജറ്റിൽ പ്രഖ്യാപിച്ച മൂന്ന് കോടി രൂപ അടിയന്തരമായി വഖഫ് ബോർഡിന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വഖഫ് ഫണ്ട് രാഷ്ട്രീയപ്രേരിതമായി ഉപയോഗപ്പെടുത്താനുള്ള ബോർഡ് തീരുമാനം പുനഃപരിശോധിക്കണമെന്നും ചികിത്സ, വിവാഹ ധന സഹായങ്ങൾ എത്രയും വേഗം വിതരണം ചെയ്യുവാൻ സർക്കാർ നിർദേശം നൽകണമെന്നും എം കെ മുനീർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.