LiveTV

Live

Kerala

കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ നിന്നും കൊല്ലപ്പെട്ടയാളുടെ മുഖം പുനസൃഷ്ടിച്ചു

മുഖം പുനസൃഷ്ടിച്ചത് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ സാങ്കേതിക വിദ്യയിലൂടെ. ഈ സാങ്കേതിക വിദ്യ കേരളത്തില്‍ ഉപയോഗപ്പെടുത്തുന്നത് ഇതാദ്യം

കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ നിന്നും കൊല്ലപ്പെട്ടയാളുടെ മുഖം പുനസൃഷ്ടിച്ചു

കേരളത്തിലാദ്യമായി കേസ് അന്വേഷണത്തിന് ഫേഷ്യല്‍ റീ കണ്‍‌സ്ട്രക്ഷന്‍ സാങ്കേതിക വിദ്യയിലൂടെ കത്തികരിഞ്ഞ മൃതദേഹത്തിന്റെ മുഖം പുനസൃഷ്ടിച്ചു. കോഴിക്കോട് പോലൂരില്‍ നിന്ന് മൂന്ന് വര്‍ഷം മുന്‍പ് കണ്ടെത്തിയ മൃതദേഹത്തിന്റെ മുഖമാണ് പുനരാവിഷ്കരിച്ചത്. ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷനിലൂടെ തയ്യാറാക്കിയ രൂപരേഖ ക്രൈംബ്രാഞ്ച് പുറത്ത് വിട്ടു.

2017ലാണ് കോഴിക്കോട് പോലൂരില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം ലഭിച്ചത്. ആളെ തിരിച്ചറിയാനായി സാധാരണ സ്വീകരിക്കുന്ന രീതികളെല്ലാം പോലീസ് പയറ്റിയെങ്കിലും ഫലവത്തായില്ല. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് പ്രകാരം കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം ശരീരം കത്തിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തു.

കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനായി മൃതദേഹത്തിന്റെ ഫിംഗര്‍ പ്രിന്റ് ഡിസിആര്‍ബി, എസ്എസ്ആര്‍ബി എന്നിവര്‍ക്ക് അയച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. 2015 മുതല്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിച്ച് ഡിഎന്‍എ താരതമ്യവും നടത്തി. ഇതും ആളെ തിരിച്ചറിയുന്നതിന് സഹായകമായില്ല. തുടര്‍ന്നാണ് മൃതദേഹം എക്സ്ഹ്യൂമേഷന്‍ നടത്തി തലയോട്ടി ശേഖരിച്ച് ഫേഷ്യല്‍ റീ കണ്‍സ്ട്രഷന്‍ നടത്തിയത്. ഇതിലൂടെ രൂപപ്പെടുത്തിയ കൊല്ലപ്പെട്ടയാളുടെ ചിത്രം ക്രൈബ്രാഞ്ച് പുറത്ത് വിട്ടു. ആളെ തിരിച്ചറിയുന്നവര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.

9497987306, 04952725106, 9497965007 എന്നീ നമ്പരുകളിലാണ് വിവരങ്ങള്‍ കൈമാറേണ്ടത്. മരണപ്പെട്ടയാളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ലോക്കല്‍ പോലീസില്‍ നിന്ന് കേസ് ക്രൈബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിട്ട് രണ്ട് വര്‍ഷം പിന്നിടുന്പോഴാണ് കൊല്ലപ്പെട്ടയാളുടെ മുഖം സാങ്കേതിക വിദ്യയിലൂടെ പുനസൃഷ്ടിച്ചത്