LiveTV

Live

Kerala

സി.ഒ.ടി നസീര്‍ അക്രമിക്കപ്പെട്ടിട്ട് ഒരു വര്‍ഷം,കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനോ ആരോപണ വിധേയനായ എ.എന്‍ ഷംസീറിനെ ചോദ്യം ചെയ്യാനോ തയ്യാറാകാതെ പോലീസ്

കുറ്റപത്രം വൈകിയതോടെ കേസില്‍ അറസ്റ്റിലായ 9 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഫോറന്‍സിക്,സൈബര്‍ പരിശോധനാ ഫലങ്ങള്‍ വൈകിയതാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ താമസം നേരിട്ടതിന്‍റെ കാരണമെന്ന് പൊലീസ്.

സി.ഒ.ടി നസീര്‍ അക്രമിക്കപ്പെട്ടിട്ട് ഒരു വര്‍ഷം,കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനോ ആരോപണ വിധേയനായ എ.എന്‍ ഷംസീറിനെ ചോദ്യം ചെയ്യാനോ തയ്യാറാകാതെ പോലീസ്

ഒരു കാലത്ത് തലശേരിയില്‍ സി.പി.എമ്മിന്‍റെ കരുത്താര്‍ന്ന നേതൃമുഖമായിരുന്നു സി.ഒ.ടി നസീര്‍. സ്ഥലം എം.എല്‍.എ കൂടിയായ എ.എന്‍.ഷംസീറുമായുളള അഭിപ്രായ വിത്യാസങ്ങളെ തുടര്‍ന്ന് പിന്നീട് നസീര്‍ പാര്‍ട്ടിയില്‍ നിന്നകന്നു. കിവീസ് എന്ന പേരില്‍ ഒരു സന്നദ്ധ സംഘടന രൂപീകരിച്ച് നസീര്‍ നടത്തിയ പല നീക്കങ്ങളും ഷംസീറിനെയും പ്രാദേശിക പാര്‍ട്ടി നേതൃത്വത്തെയും ചൊടിപ്പിച്ചു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും നസീര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതോടെ സി.പി.എമ്മും നസീറും തമ്മിലുളള അകല്‍ച്ച പൂര്‍ണമായി. പിന്നാലെ തലശേരി നഗരത്തില്‍ വെച്ച് സി.ഒ.ടി നസീര്‍ അക്രമിക്കപ്പെട്ടു. തലനാരിഴക്ക് രക്ഷപെട്ടെങ്കിലും കാലിനും തലക്കും വെട്ടേറ്റ നസീര്‍ മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്.

അക്രമത്തിന്‍റെ ഉത്തരവാദിത്വം സ്വാഭാവികമായും പി.ജയരാജനിലാണ് ആരോപിക്കപ്പെട്ടത്. എന്നാല്‍, സംഭവത്തിന് പിന്നില്‍ എ.എന്‍ ഷംസീറാണന്ന സി.ഒ.ടിയുടെ മൊഴിയോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. സി.പി.എം മുന്‍ ഏരിയ കമ്മറ്റി ഓഫീസ് സെക്രട്ടറിയും എം.എന്‍ ഷംസീറിന്‍റെ സന്തത സഹചാരിയുമായ എന്‍.കെ രാഗേഷാണ് നസീറിനെ അക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് മുഖ്യപ്രതി പൊട്ടി സന്തോഷ് പോലീസിന് മൊഴി നല്‍കി.

ഷംസീറിന്‍റെ സഹോദരന്‍ എ.എന്‍ ഷാഹിറിന്‍റെ ഉടമസ്ഥതയിലുളള കെ.എല്‍7 സി.ഡി 6887 നമ്പര്‍ ഇന്നോവ കാറില്‍ വെച്ചാണ് ഗൂഡാലോചന നടന്നതെന്നും സന്തോഷ് പോലീസിനോട് വെളിപ്പെടുത്തി. ചോനാടം കിന്‍ഫ്ര പാര്‍ക്കിനടുത്ത് വെച്ചും കുണ്ടുചിറ ഡ്രൈവിങ് ടെസ്റ്റ് മൈതാനത്തിനടുത്ത് വെച്ചുമായിരുന്നു ഗൂഡാലോചന. എ.എന്‍ ഷംസീര്‍ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനം കൂടിയാണിത്. ഇതിനൊപ്പം സംഭവം നടന്ന ദിവസവും തൊട്ടുത്ത ദിവസങ്ങളിലും ഷംസീര്‍ സന്തോഷിനെയും രാഗേഷിനെയും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും പോലീസ് കണ്ടെത്തി.

ഇതിനിടെ കേസ് അന്വേക്ഷിച്ച സി.ഐയും എസ്.ഐയും സ്ഥലം മാറി. പുതിയ അന്വേക്ഷണ ഉദ്യോഗസ്ഥന്‍ എത്തിയെങ്കിലും അന്വേക്ഷണം മാത്രം മുന്നോട്ടുപോയില്ല. ഇതിനിടെ പ്രതിപക്ഷ കക്ഷികള്‍ വിഷയം ഏറ്റെടുത്തു. ഗൂഢാലോചന നടന്നതായി പറയപ്പെടുന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല.

സംഭവം നടന്ന് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കുറ്റപത്രം സമര്‍പ്പിക്കാനോ ആരോപണ വിധേയനായ എം.എല്‍.എയെ ചോദ്യം ചെയ്യാനോ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ കുറ്റപത്രം വൈകിയതോടെ കേസില്‍ അറസ്റ്റിലായ ഒന്‍പത് പേര്‍ക്കും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഫോറന്‍സിക്,സൈബര്‍ പരിശോധനാ ഫലങ്ങള്‍ വൈകിയതാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ താമസം നേരിട്ടതിന്‍റെ കാരണമെന്നാണ് പോലീസ് ഭാഷ്യം. സി.ഒ.ടി നസീറിനെതിരായ അക്രമം കണ്ണൂരിലെ സി.പി.എമ്മിനുളളിലും വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചു. സംഭവത്തിന്‍റെ ഉത്തരവാദിത്വം പി.ജയരാജന്‍റെ തലയില്‍ കെട്ടിവെക്കാന്‍ പാര്‍ട്ടിക്കുളളിലെ ഒരു വിഭാഗം ശ്രമിച്ചെന്നായിരുന്നു ആരോപണം. പിന്നാലെ ടി.വി രാജേഷ് എം.എല്‍.എയും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രനും അംഗങ്ങളായ രണ്ടംഗ കമ്മീഷനെ സംഭവത്തെക്കുറിച്ച് അന്വേക്ഷിക്കാനായി ജില്ലാ കമ്മറ്റി നിയോഗിച്ചു. എന്നാല്‍ വര്‍ഷം ഒന്നായിട്ടും ഈ അന്വേഷണ റിപ്പോര്‍ട്ടും പുറംലോകം കണ്ടിട്ടില്ല.അല്ലങ്കില്‍ ഇതിനെക്കുറിച്ച് പാര്‍ട്ടി പിന്നീട് ഒരക്ഷരവും മിണ്ടിയിട്ടില്ല.