LiveTV

Live

Kerala

പാലക്കാട് രണ്ട് പേർക്ക് കൂടി കോവിഡ്

ചെന്നൈയിൽ നിന്നും വന്ന കാരകുർശ്ശി സ്വദേശിക്കും ദുബൈയിൽ നിന്നും വന്ന പട്ടാമ്പി സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

പാലക്കാട് രണ്ട് പേർക്ക് കൂടി കോവിഡ്

പാലക്കാട് ജില്ലയിൽ പുതുതായി രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നും വന്ന കാരകുർശ്ശി സ്വദേശിക്കും ദുബൈയിൽ നിന്നും വന്ന പട്ടാമ്പി സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശി ഉൾപ്പെടെ 9 പേർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

മെയ് എട്ടിന് രാവിലെ 9 മണിക്ക് ചെന്നൈയിൽ നിന്നും വാളയാർ ചെക്ക് പോസ്റ്റിലെത്തിയ കാരകുർശ്ശി സ്വദേശി ഉച്ചക്ക് ഒന്നര വരെ ചെക്ക് പോസ്റ്റിൽ ഉണ്ടായിരുന്നു. തുടർന്ന് ചെമ്പൈ സംഗീത കോളേജിലെത്തി റെജിസ്ട്രേഷൻ നടത്തി വീട്ടിൽ നിരീക്ഷണത്തിൽ ഇരുന്നു. മെയ് 14ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ സാമ്പിൾ പരിശോധനക്ക് നൽകി വീണ്ടും വീട്ടിൽ നിരീക്ഷണത്തിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത 10 പേർ നിരീക്ഷണത്തിൽ തുടരുകയാണ്. മെയ് 7ന് ദുബൈയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി വന്ന പട്ടാമ്പി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. വിമാനത്താവളത്തിൽ നിന്നും ടാക്സിയിലാണ് പട്ടാമ്പിയിലെത്തിയത്. മെയ് 8 മുതൽ 13 വരെ വീട്ടിൽ നിരീക്ഷണത്തിൽ തുടർന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ പാലക്കാട് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9 ആയി. ദമാമിൽ നിന്ന് വന്ന പാലക്കാട് സ്വദേശി രോഗബാധിതനായി കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 6696 പേർ ജില്ലയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.