LiveTV

Live

Kerala

പത്തനതിട്ട ജില്ലയിലെ കൊലയാളി കടുവ; ആക്രമണകാരിയായാല്‍ വെടിവച്ചു കൊല്ലാന്‍ ഉത്തരവ് നല്‍കിയെന്ന് വനം മന്ത്രി കെ രാജു

പത്തനതിട്ട ജില്ലയിലെ കൊലയാളി  കടുവ; ആക്രമണകാരിയായാല്‍ വെടിവച്ചു കൊല്ലാന്‍ ഉത്തരവ് നല്‍കിയെന്ന് വനം മന്ത്രി കെ രാജു

പത്തനതിട്ട ജില്ലയിലെ വിവിധയിടങ്ങളിലിറങ്ങിയ കടുവ ആക്രമണകാരിയാകുന്ന പക്ഷംവെടിവച്ചു കൊല്ലാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നു വനം മന്ത്രി കെ രാജു. ഒമ്പത് ദിവസം മുമ്പ് ജനവാസ മേഖലയിലിറങ്ങിയ കടുവ ഇപ്പോഴും പിടികൊടുക്കാതെ തുടരുകയാണ്. കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണ്. വനം വകുപ്പിന്‍റെ വിദഗ്ധ സംഘം മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. നിലവിൽ കടുവയെ ജീവനോടെയൊ മയക്കുവെടി വെച്ചോ പിടിക്കാൻ സാധിക്കാത്ത പക്ഷം വെടിവയ്ക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇതു സംബന്ധിച്ച ഉത്തരവും നൽകിയിട്ടുണ്ട്.

തെരച്ചിൽ സംഘത്തെ കൂടുതൽ വിപുലപ്പെടുത്താനും ആലോചനയുണ്ട്. കൊല്ലം ആര്യങ്കാവിൽ നിന്ന് ഉൾപ്പെടെ കൂടുതൽ വനപാലകരെ ഇങ്ങോട്ടെത്തിക്കും. നിലവിൽ 4 ടീമുകളായുള്ള തെരച്ചിലിൽ ഒരു ടീമിന് 4 കിലോ മീറ്റര്‍ പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. കടുവയെ കണ്ട കോന്നി തണ്ണിത്തോട്ടിലും റാന്നി വടശ്ശേരിക്കര ഭാഗങ്ങളിലും 25 ക്യാമറകൾ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. വനം മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ യോഗം ചേർന്ന് ഇതുവരെയുള്ള നടപടികൾ വിലയിരുത്തി.