LiveTV

Live

Kerala

ഇന്നലെ ഗള്‍ഫില്‍ നിന്നെത്തിയ ആറ് പേര്‍ക്ക് കോവിഡ് ലക്ഷണം; ഐസൊലേഷനിലാക്കി

അബൂദബിയില്‍ നിന്നുള്ള വിമാനത്തില്‍ കരിപ്പൂരിലിറങ്ങിയ നാല് പേരെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഗള്‍ഫില്‍ നിന്നെത്തിയ ആറ് പേര്‍ക്ക് കോവിഡ് ലക്ഷണം; ഐസൊലേഷനിലാക്കി

ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി ഗള്‍ഫില്‍ നിന്നെത്തിയ ആറ് പേര്‍ക്ക് കോവിഡ് ലക്ഷണം. അബൂദബിയില്‍ നിന്നുള്ള വിമാനത്തില്‍ കരിപ്പൂരിലിറങ്ങിയ നാല് പേരെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബൂദബിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ഒരാളെയും ദുബൈയില്‍ നിന്ന് കൊച്ചിയിലെത്തിയ തൃശൂര്‍ സ്വദേശിയേയും ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി.

പുലർച്ചെ അബൂദബിയിൽ നിന്ന് കരിപ്പൂരിൽ എത്തിയ വിമാനത്തിലെ യാത്രക്കാരായ മൂന്ന് മലപ്പുറം സ്വദേശികൾക്കും ഒരു കോഴിക്കോട് സ്വദേശിക്കുമാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. മലപ്പുറം സ്വദേശികളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ തന്നെ കോവിഡ് ലക്ഷണങ്ങൾ കണ്ടതിനാൽ മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ കാർഗോ ഗേറ്റ് വഴിയാണ് ഇവരെ ആശുപത്രികളിലേയ്ക്ക് മാറ്റിയത്. ഇതിന് പുറമെ മറ്റ് ചില ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയ അഞ്ച് പേരെയും തുടർ ചികിത്സക്കായി വിവിധ ആശുപത്രികളിലേക്ക് മാറ്റി.

ഇന്നലെ വൈകീട്ട് ദുബൈയിൽ നിന്നും കൊച്ചിയിലെത്തിയ തൃശൂർ സ്വദേശിനിക്ക് കോവിഡ് ലക്ഷണം കണ്ടതോടെ ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അബൂദബിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ വിമാനത്തിലെ യാത്രക്കാരിൽ ഒരാളെയും കോവിഡ് ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിലെ ഐസിലേഷൻ കേന്ദ്രത്തിലേക്ക് മാറ്റി. കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന 10 പേരും തിരുവനന്തപുരത്ത് ഐസൊലേഷനിലാണ്.