LiveTV

Live

Kerala

സിപിഎം സൈബര്‍ ആക്രമണമെന്ന് കോണ്‍ഗ്രസ്; നേരിടാന്‍ യുവ എംഎ‍ല്‍എമാരുടെ സമിതി

സര്‍ക്കാരിനെ അഭിനന്ദിച്ച ശശി തരൂരിന് യോഗത്തില്‍ പരോക്ഷ വിമര്‍ശനം

സിപിഎം സൈബര്‍ ആക്രമണമെന്ന് കോണ്‍ഗ്രസ്; നേരിടാന്‍ യുവ എംഎ‍ല്‍എമാരുടെ സമിതി

സിപിഎം സൈബര്‍ ആക്രമണങ്ങളെ ഏകോപനത്തോടെ നേരിടാന്‍ കോണ്‍ഗ്രസ്. സമൂഹിക മാധ്യമ ഇടപെടലിന് യുവ എംഎ‍ല്‍എമാരുടെ സമിതിക്ക് രൂപം നല്‍കി. കോവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ തുറന്നുകാട്ടി മുന്നോട്ടു പോകാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു. സര്‍ക്കാരിനെ അഭിനന്ദിച്ച ശശി തരൂരിന് യോഗത്തില്‍ പരോക്ഷ വിമര്‍ശമുണ്ടായി.

സാമൂഹിക മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ നടക്കുന്ന ആക്രമണം ആസൂത്രിതവും കേന്ദ്രകൃതവുമാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ആക്രമിക്കേണ്ടവരുടെ ഫെയ്സ്ബുക്ക് അക്കൌണ്ടിലേക്ക് 2000 - 3000 പേര്‍ വരികയും സമാനമായ പരാമര്‍ശങ്ങള്‍ നടത്തിപോവുകയും ചെയ്യുന്നു. പലതും ഫെയ്ക്ക് അക്കൌണ്ടാണെന്നാണ് മനസിലാകുന്നത്. ഈ സാഹചര്യത്തിലാണ് ഏകോപനത്തോടെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടല്‍ നടത്താന്‍ ഇന്നലെ ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചത്.

വി.ഡി സതീശന്‍, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, കെ.എസ് ശബരിനാഥ്, വി.ടി ബല്‍റാം എന്നിവരടങ്ങളുന്ന സമിതിയെ സാമൂഹിക മാധ്യമ പ്രതികരണ ഏകോപനത്തിനായി നിയോഗിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നടപടികളുമായി സഹകരിക്കുമ്പോള്‍ തന്നെ വീഴ്ചകള്‍ തുറന്നു കാട്ടും. സ്പ്രിങ്ക്ളര്‍ ഇടപാടിനെതിരായ നിയമ നടപടിയും കാമ്പയിനും മുന്നോട്ടു കൊണ്ടുപോകും.

സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും ഭാഗത്ത് നിന്ന് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമ്പോഴും സര്‍ക്കാരിന് പുകഴ്ത്തി കയ്യടി നേടുന്നവരുണ്ടെന്ന വിമര്‍ശവും യോഗത്തില്‍ ഉയര്‍ന്നു. സര്‍ക്കാരിനെ അഭിനനന്ദിച്ച ശശി തരൂരിന്‍റെ പോസ്റ്റുകളാണ് വിമര്‍ശങ്ങള്‍ക്ക് ആധാരമായത്. പി.സി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണ് വിമര്‍ശം ഉന്നയിച്ചത്.