LiveTV

Live

Kerala

ഇനിയും നീതി അകലെ; ബീമാപള്ളി വെടിവെപ്പിന് 11 വര്‍ഷം

ഇനിയും നീതി അകലെ; ബീമാപള്ളി വെടിവെപ്പിന് 11 വര്‍ഷം

ഐക്യ കേരളം കണ്ട രണ്ടാമത്തെ ഏറ്റവും വലിയ വെടിവെപ്പായ ബീമാപള്ളി പൊലീസ് വെടിവെപ്പിന് 11 വർഷം പൂർത്തിയാകുന്നു. ബീമാപള്ളിയില്‍ നടന്ന വെടിവെപ്പില്‍ ആറു പേർ ഉള്‍പ്പെടെ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ആറ് പേര്‍ വെടി വെയ്പ് നടന്ന ദിവസവും പിന്നീടുള്ള വർഷങ്ങളിലായി പരിക്കേറ്റ് ചികിത്സയിലുള്ള മൂന്നുപേരും കൊല്ലപ്പെട്ടു. വെടിവെയ്പ്പിനെകുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പുറംലോകം കാണാത്തതുൾപ്പെടെ സർക്കാരും പൊതുസമൂഹവും മറന്ന ഒരു സംഭവം ആയി മാറുകയാണ് ബീമാപള്ളി വെടിവെയ്പ്പ്.

2009 മെയ് 17 നാണ് തിരുവനന്തപുരത്തെ തീരപ്രദേശമായ ബീമാപള്ളിയിൽ വെടിവെയ്പ്പ് നടന്നത്. മെയ് 16ന് കൊമ്പ് ശിബു എന്ന ഗുണ്ട ബീമാപ്പള്ളി-ചെറിയതുറ ഭാഗത്ത് സൃഷ്ടിച്ച അതിക്രമങ്ങളുടെ തുടർച്ചയായ സംഘർഷാവസ്ഥ വെളിയില്‍ വെടിവെയ്പിലേക്ക് എത്തിച്ചേർന്നു എന്നാണ് പൊലീസ് ഭാഷ്യം. സംഭവസ്ഥലത്ത് അഞ്ചു പേരും ആശുപത്രിയില്‍ വെച്ച് ഒരാളുമാണ് അന്നേദിവസം മരിച്ചത്. പിന്നീടുള്ള വർഷങ്ങളില്‍ വെടിവെപ്പിൽ പരിക്കേറ്റ മൂന്ന് പേരും മരണത്തിന് കീഴടങ്ങി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ലഭിച്ച പത്ത് ലക്ഷം രൂപ പിന്നീടുള്ള വർഷങ്ങളിൽ മരിച്ചവർക്ക് ലഭിച്ചില്ല. വെടിവെപ്പിൽ പരിക്കേറ്റ പലരും ഇപ്പോഴും ചികിത്സയുമായി കഴിയുകയാണ്. വെടിവെയ്പിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ 2014 ജനുവരിയിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഇതുവരെയും അത് പുറംലോകം കണ്ടിട്ടില്ല. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുക, പിന്നീടുള്ള വർഷങ്ങളിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഇപ്പോഴും ഉത്തരം കിട്ടാതെ തന്നെ നിലനിൽക്കുന്നു.

ഫ്രറ്റേണിറ്റി, സോളിഡാരിറ്റി തുടങ്ങി വിവിധ സംഘടനകളും പ്രദേശിക കൂട്ടായ്മകളും ഓൺലൈനിലൂടെ ബീമാപള്ളി വെടിവെയ്പ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. വെടിവെയ്പിനെക്കുറിച്ച് കെ ഹാഷിർ സംവിധാനം ചെയ്ത ഡോക്യുമെന്‍ററി സാമൂഹിക മാധ്യമങ്ങളിലൂടെ പുനസംപ്രേഷണം ചെയ്തു. 11 വർഷങ്ങൾക്ക് ശേഷവും നീതി ലഭിക്കുകയോ പൊതുസമൂഹം വേണ്ടവിധം വിഷയം ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല എന്നതാണ് ബീമാപള്ളി വെടിവെയ്പ്പിന്‍റെ ബാക്കിപത്രം.