ചികിത്സാ ധനസഹായ വിതരണം നീട്ടിവെച്ച വഖഫ് ബോര്‍ഡ് തീരുമാനത്തിനെതിരെ ഒരു വിഭാഗം രംഗത്ത്
പാവങ്ങള്‍ക്കുള്ള സഹായം തടഞ്ഞതിന് ശേഷം മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയത് രാഷ്ട്രീയ തീരുമാനമാണെന്ന് ഒരു വിഭാഗം

സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായി വഖഫ് ബോര്‍ഡ് മുഖേനെ നല്കുന്ന ചികിത്സാ ധനസാഹായം അടക്കമുള്ളവ വിതരണം ചെയ്യുന്നത് നീട്ടിവെച്ചതിനെ ചൊല്ലി വിവാദം. പാവങ്ങള്‍ക്കുള്ള സഹായം തടഞ്ഞതിന് ശേഷം മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയത് രാഷ്ട്രീയ തീരുമാനമാണെന്ന് കുറ്റപ്പെടുത്തി ലീഗ് പിന്തുണയുള്ള ബോര്‍ഡ് അംഗങ്ങള്‍ രംഗത്ത് എത്തി.
എന്നാല്‍ വിവാദത്തിന് പിന്നില്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയതിലുള്ള എതിര്‍പ്പാണെന്ന് ചെയര്മാന് ടി.കെ ഹംസ പ്രതികരിച്ചു. സാമൂഹിക ക്ഷേമപദ്ധതി പ്രകാരമാണ് വഖഫ് ബോർഡ് ഖത്തീബ്, ഇമാം, മുഅദ്ദിൻ, മദ്രസ അധ്യാപകർ എന്നിവർക്ക് മാസാന്ത പെൻഷനും ക്യാൻസർ, ഹൃദ്രോഗം, ട്യൂമർ, കിഡ്നി എന്നി രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്ക് ചികിൽസാ സഹായവും പാവപ്പെട്ട പെൺകുട്ടികൾക്ക് കല്യാണ സഹായവും നൽകി വരുന്നത്.

ഈ മാസം 13 ന് വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ വെല്‍ഫെയര്‍ ബോര്‍ഡ് യോഗം ഓണ്‍ലൈന്‍ മുഖേനെ യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ വഖഫ് സ്ഥാപനങ്ങളിലെ 588 ജീവനക്കാർക്ക് പെൻഷനും 260 രോഗികൾക്ക് ചികിൽസാ സഹായവും 2010 പെൺകുട്ടികൾക്ക് വിവാഹ സഹായവും വിതരണം ചെയ്യാനും തീരുമാനിച്ചു. ഇതിനായി മൂന്ന് കോടി രൂപ വഖഫ് ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്ന് നല്‍കാനും തീരുമാനിച്ചു.
സര്‍ക്കാര്‍ ഗ്രാന്റ് വൈകുന്ന സാഹചര്യത്തിലായിരുന്നു തനത് ഫണ്ടില്‍ നിന്നും പണം അനുവദിക്കാനുള്ള തീരുമാനം. എന്നാല്‍ തൊട്ടടുത്ത ദിവസം ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗത്തില്‍ ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് വ്യക്തമാക്കി കൊണ്ട് ചെയര്മാന് ടി.കെ ഹംസ ചികിൽസാ സഹായവും വിവാഹ സഹായവും ഇപ്പോൾ നൽകേണ്ടതില്ലെന്ന് അറിയിച്ചു.
എന്നാല്‍ ഇതേ യോഗത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് 10 ലക്ഷവും നല്കാന് തീരുമാനിക്കുകയും ചെയ്തു. ഇതോടെ എതിര്‍പ്പുമായി പി ഉബൈദുള്ള എം.എല്‍.എ,എം.സി മായിന്‍ ഹാജി, അഡ്വ പി.വി സൈനുദ്ദീന്‍ എന്നിവര്‍ രംഗത്ത് വന്നു. എന്നാല്‍ ഭൂരിപക്ഷ തീരുമാന പ്രകാരം ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കാന് ബോര്‍ഡ് തീരുമാനിച്ചു.

ഇതോടെയാണ് ലീഗ് അംഗങ്ങള്‍ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് ബജറ്റില്‍ അനുവദിച്ച 3 കോടി രൂപ നല്‍കിയിട്ടില്ല. അതിനിടയില്‍ തനത് ഫണ്ടില്‍ നിന്നും ഒരു കോടി രൂപ സി.എം.ഡി.ആര്.എഫിലേക്ക് നല്‍കാനുള്ള തീരുമാനം മന്ത്രിക്കും ചെയര്‍മാനും മുഖ്യമന്ത്രിയെ തൃപതിപ്പെടുത്താനായി നടത്തിയ രാഷ്ട്രീയ നീക്കമാണെന്നാണ് എതിര്‍പ്പുയര്‍ത്തുന്നവരുടെ ആരോപണം.
വിവിധ പള്ളികളിൽ നിന്ന് ലഭിക്കുന്ന 7 ശതമാനം തുക അർഹതപ്പെട്ടവർക്ക് നൽകാതെയാണ് തീരുമാനം. നൂറുകണക്കിന് രോഗികളുടെയും, ആയിരക്കണക്കിന് പെൺകുട്ടികളുടെയും അപേക്ഷകൾ പരിഗണിക്കാതെ ഇത്തരമൊരു രാഷ്ട്രിയ തീരുമാനം എടുത്തത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ പ്രളയകാലത്ത് ചെയർമാൻ എന്നുള്ള നിലക്ക് പാണക്കാട് റഷിദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൻ മുഖ്യമന്ത്രിയുടെ ദുരിത്വാശാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകിയത് പ്രത്യേക ആഹ്വാന പ്രകാരം വിവിധ പള്ളികളിൽ നിന്ന് പണം സ്വരൂപിച്ചായിരുന്നു. പള്ളികളിൽ നിന്നും പണം സ്വരൂപിച്ച് നൽകാൻ ഇപ്പോൾ കഴിയില്ലെങ്കിലും ബോർഡ് ഫണ്ടിൽ നിന്ന് പരമാവധി 25 ലക്ഷം രൂപ വരേ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകാമെന്ന വാദം ഇവര്‍ ബോര്‍ഡ് യോഗത്തില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഭൂരിപക്ഷ തീരുമാന പ്രകാരം ഒരു കോടി തന്നെ നല്കാന് തീരുമാനിക്കുകയായാരുന്നു.

എന്നാല്‍ ആരോപണങ്ങളെ പൂര്‍ണമായും വഖഫ് ബോര്‍ഡ് ചെയര്മാന് ടി.കെ ഹംസ തള്ളി. സാമൂഹിക സുരക്ഷ പദ്ധതി സര്‍ക്കാരിന്റെതാണെന്നും പണം ലഭിച്ചാലുടന്‍ വിതരണം ചെയ്യുമെന്നും ടി.കെ ഹംസ മീഡിയവണിനോട് പറഞ്ഞു. സര്‍ക്കാര്‍ പദ്ധതി മരവിപ്പിക്കാന്‍ ബോര്‍ഡിന് കഴിയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയതാണ് ലീഗ് അണികളുടെ എതിര്‍പ്പിന് കാരണം. ബോര്‍ഡ് യോഗത്തില്‍ ഭൂരിപക്ഷ പിന്തുണ ലഭിക്കാത്തവരാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും ടി.കെ ഹംസ പ്രതികരിച്ചു.
എന്നാല്‍ ഇതിന് പിന്നാലെ സര്‍ക്കാരിനെതിരെ മറുപക്ഷം വിമര്‍ശനങ്ങള്‍ ശക്തമാക്കി. സർക്കാർ നൽകുന്നതിന് പകരം ഉസ്താദ്, ഖത്തീബ്, മുഅദ്ദിൻ, മദ്രസ അധ്യാപകർ എന്നിവർക്കുള്ള 588 പേരുടെ ധനസഹായം 70 ലക്ഷം രൂപ അനുവദിച്ചത് തന്നെ പള്ളികൾ തരുന്ന 7% തനത് ഫണ്ടിൽ നിന്നാണെന്നാണ് ഇവര്‍ ചൂണ്ടികാണിക്കുന്നു.
ഒപ്പം കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ സ്ഥാപിക്കുന്ന ചെലവിലേക്ക് സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് വഖഫ് ബോർഡ് ഫണ്ട് നൽകിയെങ്കിലും ഇന്നോളം ഫണ്ട് തിരിച്ചു നൽകിയിട്ടില്ല. ഉൽഘാടകനായി പങ്കെടുത്ത വകുപ്പ്മന്ത്രി പോലും ഈ കാര്യത്തിൽ ഇപ്പോൾ മൗനം പാലിക്കുകയാണ്. വഖഫ് ബോർഡിനെ കബളിപ്പിച്ച് വഖഫ് ഫണ്ട് രാഷ്ട്രീയ പ്രേരിതമായി ഉപയോഗപെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും പി ഉബൈദുള്ള എം.എല്‍.എ, എം.സി മായിന്‍ ഹാജി, അഡ്വ പി.വി സൈനുദ്ദീന്‍ എന്നിവര്‍ കുറ്റപ്പെടുത്തി.