LiveTV

Live

Kerala

മഹല്ല് കമ്മറ്റി ചേര്‍ത്തുപിടിച്ചു; വൈഷ്ണവിയുടെ കഴുത്തില്‍ ഉണ്ണികൃഷ്ണന്‍ മിന്നുകെട്ടി

നവ ദമ്പതികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

മഹല്ല് കമ്മറ്റി ചേര്‍ത്തുപിടിച്ചു;   വൈഷ്ണവിയുടെ കഴുത്തില്‍ ഉണ്ണികൃഷ്ണന്‍ മിന്നുകെട്ടി

മതത്തിന്‍റെ പേരിൽ അതിർവരമ്പുകൾ സൃഷ്ടിക്കുന്ന കാലത്ത് വ്യത്യസ്തമായൊരു വിവാഹം പാലക്കാട് ചെറുപ്പുളശ്ശേരി പുതുക്കാട് നടന്നു. അനാഥയായി കഴിഞ്ഞിരുന്ന വൈഷ്ണവിയുടെ വിവാഹം പുതുക്കാട് അൽബദ്ർ മഹല്ല് കമ്മറ്റിയാണ് നടത്തിയത്. നവ ദമ്പതികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നൽകി. 6 വർഷം മുൻപ് അച്ഛനും, അമ്മയും ഉപേക്ഷിച്ച് പോയതോടെ വൈഷ്ണവിയും, സഹോദരങ്ങളും എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നു. പക്ഷെ പുതുക്കാട് എന്ന ഗ്രാമം ഇവരെ ചേർത്ത് പിടിച്ചു. എല്ലാവരെയും പഠിപ്പിച്ചു. വിവാഹ പ്രായം എത്തിയ വൈഷ്ണവിയെ കല്യാണം കഴിപ്പിച്ച് അയക്കുകയും ചെയ്തു. കല്യാണത്തിന് ചുക്കാൻ പിടിച്ചത് മഹല്ല് കമ്മറ്റിയാണ്.

ലോക്ക് ഡൗണായതിനാൽ ലളിതമായ ചടങ്ങിൽ വിവാഹം നടന്നു. മായന്നൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് വൈഷ്ണവിയുടെ കഴുത്തിൽ മിന്നുകെട്ടിയത്. കോവിഡ് കാലമായതിനാൽ നവദമ്പതികൾ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നൽകി. മെയ് 5 ന് വിപുലമായി കല്യാണം നടത്താൻ മഹല്ല് കമ്മറ്റി തയ്യാറെടുത്തതാണ്. ലോക്ക് ഡൗണായതോടെ ചടങ്ങുകൾ ചുരുക്കി. ഒറ്റപ്പെട്ട് പോയെന്ന് കരുതിയ ഒരു കുടുംബത്തെ ജാതി, മത വ്യത്യാസമില്ലാതെ ഒരു നാട് എറ്റെടുത്ത കഥയാണ് പുതുക്കാടിന് പറയാനുള്ളത്