LiveTV

Live

Kerala

ഫേസ്ബുക്കിലെ അസഭ്യവര്‍ഷം വ്യാജം; കേസ് നല്‍കിയതായി വി.ഡി സതീശന്‍

കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിലെ വി.ഡി സതീശന്റെ വീഡിയോക്ക് കീഴില്‍ വന്ന എം.എല്‍.എയുടെ അശ്ലീല കമന്റ് എന്ന പേരിലുള്ള സ്ക്രീന്‍ഷോട്ട് പ്രചരിച്ചത്.

ഫേസ്ബുക്കിലെ അസഭ്യവര്‍ഷം വ്യാജം; കേസ് നല്‍കിയതായി വി.ഡി സതീശന്‍

സമൂഹമാധ്യമങ്ങളിലൂടെ തന്റേതെന്ന പേരിൽ പ്രചരിക്കുന്ന അശ്ലീല പരാമർശത്തിന്റെ സ്ക്രീൻഷോട്ട് വ്യാജമെന്ന് കോൺഗ്രസ് നേതാവ് വി.ഡി സതീശൻ എം.എൽ.എ. തന്റെ ജീവിതത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യം എഴുതികൊണ്ടുള്ള സ്ക്രീൻഷോട്ട് തന്നെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണെ്. സെെബർകുറ്റകൃത്യമായതിനാൽ ഇതിനെതിരെ കേസ് നല്‍കിയതായും എം.എൽ.എ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിലെ വി.ഡി സതീശന്റെ വീഡിയോക്ക് കീഴില്‍ വന്ന എം.എല്‍.എയുടെ അശ്ലീല കമന്റ് എന്ന പേരിലുള്ള സ്ക്രീന്‍ഷോട്ട് പ്രചരിച്ചത്. സംഭവത്തില്‍ എം.എല്‍.എ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഡി.വെെ.എഫ്.ഐ രംഗത്തെത്തിയിരുന്നു.

തന്നെ മോശക്കാരനാക്കി കാണിക്കാന്‍ വേണ്ടി ഇത്തരം അശ്ലീല വാക്കുകൾ ഉപയോഗിക്കേണ്ടി വരിക എന്നുള്ളത് തന്നെ അപമാനകരമാണ്. സെെബർ മേഖലയിലെ അക്രമമാണിത്. പ്രതിപക്ഷത്തുള്ളവരെ തെരഞ്ഞുപിടിച്ച് അപമാനിക്കുന്ന സി.പി.എമ്മിന്റെ ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണിത്. വ്യാജ സ്ക്രീൻഷോട്ടിനെതിരെ ആലുവ റൂറൽ എസ്.പിക്ക് രേഖാമൂലം പരാതി നൽകിയെന്നും എം.എൽ.എ ഫേസ്ബുക്കിലൂടെ അറിയിച്ചു.

സി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍:

INSPൽ ജനസമ്മതിയുള്ള നല്ല ചില ചെറുപ്പക്കാരുണ്ട്. അവരെ ഏതെങ്കിലും പെണ്ണ് കേസിൽ പെടുത്തി നാറ്റിക്കണം. സന്ദേശം എന്ന സിനിമയിലെ ഡയലോഗ് ആണ്. കോൺഗ്രസിനെയും സി.പി.എമ്മിനെയും കേന്ദ്രബിന്ദു ആക്കി ഇരുപതു വർഷങ്ങൾക്കു മുൻപ് സത്യൻ അന്തിക്കാട് തന്നെ ഇവരുടെ തനിസ്വഭാവം വരച്ചു കാട്ടിയിരുന്നു. ഇന്നത്തെ സൈബർ സഖാക്കൾ അത് വ്യാജ സ്‌ക്രീൻ ഷോട്ട് ഉണ്ടാക്കി നാറ്റിക്കുക എന്നതും കൂടി ചേർത്തിരിക്കുകയാണ്.

ഞാൻ കമന്റ് ചെയ്തു എന്ന രീതിയിൽ കേട്ടാലറയ്ക്കുന്ന അസഭ്യം എഴുതിക്കൊണ്ട് ഒരു സ്‌ക്രീൻ ഷോട്ട് ആണ് അവസാനത്തേത്. എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് എഴുതി വച്ചിരിക്കുന്നത്. നിങ്ങൾക്ക് എന്നെ അപമാനിക്കാൻ ഇത്തരം വാക്കുകൾ എന്റെ പേരിൽ എഴുതേണ്ടി വരുന്നു എന്നത് തന്നെ എന്തൊരപമാനമാണ്. ആശയങ്ങൾ ഇല്ലാതെയാവുമ്പോഴാണ് അക്രമത്തിലേക്ക് തിരിയുക. ഇത് സൈബർ മേഖലയിലെ അക്രമമാണ്. നിങ്ങളുടെയൊക്കെ മുതിർന്ന നേതാക്കളുമായി വരെ മാധ്യമങ്ങളുടെ മുന്നിൽ ഞാൻ ഡിബേറ്റ് ചെയ്തിട്ടുണ്ട്. എനിക്ക് മര്യാദ വിട്ട് ഒരു വാക്കു പറയേണ്ടി വന്നിട്ടില്ല. അതിനുള്ള ശക്തമായ ആശയവും വസ്തുതകളും വച്ചാണ് ഞാൻ സംസാരിക്കാറുള്ളത്. ആ ആശയത്തിന്റെ ദൃഢതയുള്ളതു കൊണ്ട് തന്നെയാണ് ഇന്ന് വരെ നിങ്ങൾ എത്ര വലകൾ വിരിച്ചിട്ടും അതിൽ കുരുങ്ങാൻ എന്നെ കിട്ടാത്തത്. അപ്പോൾ നിങ്ങൾ ശീലിച്ച ആ എതിർപ്പാർട്ടിയിൽ പെട്ട രാഷ്ട്രീയ പ്രവർത്തകരെ അപമാനിക്കാൻ കഥകൾ മെനയുന്ന രാഷ്ട്രീയം തുടരുക. നിങ്ങളെക്കുറിച്ച് എനിക്ക് സഹതാപമുണ്ട്. പക്ഷെ ഇതൊരു സൈബർ കുറ്റകൃത്യം ആയത് കൊണ്ട് അതിനുള്ള നിയമനടപടികൾ സ്വീകരിക്കും.

എന്റെ പേരിൽ ഇന്നലെ പ്രചരിച്ച വ്യാജ സ്ക്രീൻഷോട്ടിനെതിരെ ആലുവ റൂറൽ എസ്.പി. ക്ക് ഇന്ന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി സർക്കാറിനെ വിമർശിക്കുന്ന പ്രതിപക്ഷത്തുള്ള നേതാക്കന്മാരെ തിരഞ്ഞ് പിടിച്ചു അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ആക്രമണം. കഴിഞ്ഞ ദിവസം ഷാഫി പറമ്പിൽ എം.എൽ.എ.ക്കെതിരെ ഇത്തരത്തിൽ ഒരു വ്യാജ സ്‌ക്രീൻ ഷോട്ട് ഉണ്ടാക്കി പ്രചാരണം നടത്തിയിരുന്നു. വ്യാജവാർത്തകൾ ഉണ്ടാക്കി അപമാനിച്ചു വിശ്വാസ്യതയില്ലാതെയാക്കാം എന്ന ധാരണയിൽ സിപിഎം നടത്തുന്ന പ്രചരണങ്ങൾ ജനങ്ങൾ തള്ളിക്കളയും. ഈ ശ്രമങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും.