LiveTV

Live

Kerala

കായൽമുഖങ്ങൾ തുറന്ന് ഓപ്പറേഷൻ ബ്രേക്ക് ത്രൂ

വര്‍ഷങ്ങളായി അടഞ്ഞ് കിടന്ന തേവര കായല്‍മുഖത്താണ് ചെളിനീക്കം ചെയ്യാന്‍ ആരംഭിച്ചത്

കായൽമുഖങ്ങൾ തുറന്ന് ഓപ്പറേഷൻ ബ്രേക്ക് ത്രൂ

കഴിഞ്ഞ ഒക്ടോബര്‍ 21ന് പെയ്ത ഒറ്റമഴയില്‍ കൊച്ചി നഗരം പൂര്‍ണമായി വെള്ളക്കെട്ടിലായതോടെയാണ് ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി പ്രഖ്യാപിച്ചത്. വര്‍ഷങ്ങളായി നീരൊഴുക്ക് നിലച്ച് കിടന്ന ഓടകളും കനാലുകളുമാണ് അന്ന് കൊച്ചി നഗരത്തെ വെള്ളക്കെട്ടിലാക്കിയത്. കഴിഞ്ഞ രണ്ട് പ്രളയങ്ങള്‍ക്കും വെള്ളത്തിനടിയിലാവാത്ത പ്രദേശങ്ങളില്‍ വരെ വെള്ളം നിറഞ്ഞു. വർഷങ്ങളായി തേവര കായൽമുഖത്തടിഞ്ഞ എക്കലാണ് വലിയ ഹിറ്റാച്ചിയും ബാർജും ഉപയോഗിച്ച് നീക്കം ചെയ്യുന്നത്.

പ്രധാന തോടുകളിലൂടെ കായലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ഇതോടെ ഉറപ്പാക്കാനാവും. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് കായൽമുഖങ്ങളിലെ തടസങ്ങൾ നീക്കുന്നത്. ചിലവന്നൂർ, പേരണ്ടൂർ കായൽമുഖങ്ങൾ വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

മാസാവസാനത്തോടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുവാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടത്തിലെ പ്രധാന പ്രവർത്തനമാണ് കായൽമുഖങ്ങൾ വൃത്തിയാക്കുന്നത്. കായൽമുഖങ്ങളിലെ ചെളിനീക്കുന്നതോടെ വേലിയിറക്ക സമയത്ത് നഗരത്തിലെ മഴവെള്ളം പുറത്തേക്ക് ഒഴുകാത്ത അവസ്ഥയ്ക്ക് പരിഹാരമാകും.

തേവര കായൽമുഖത്തെ തടസങ്ങൾ മാറുന്നതോടെ കോയിത്തറ കനാലിലെത്തുന്ന വെള്ളം കായലിലേക്ക് ഒഴുകിയെത്തും. ഇതോടെ കടവന്ത്ര, കൊച്ചു കടവന്ത്ര, പനമ്പിള്ളിനഗർ പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമാകും. ബാർജുകളിൽ കരയ്ക്കെത്തിക്കുന്ന ചെളി ബ്രഹ്മപുരത്തേക്ക് നീക്കം ചെയ്യും. തേവര കായൽമുഖം വൃത്തിയാക്കുന്നതിന് 93 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്.