LiveTV

Live

Kerala

വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം - ഫ്രറ്റേണിറ്റി മൂവ്മെന്റ്

മലയാളി വിദ്യാർത്ഥികൾക്ക്‌ സഹായകരമായ പ്രവർത്തിക്കേണ്ട കേരള ഹൗസ് പ്രസ്തുത വിഷയത്തിൽ സ്വീകരിച്ച നിഷേധാത്മക നിലപാട് ഉചിതമല്ല

വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം - ഫ്രറ്റേണിറ്റി മൂവ്മെന്റ്

ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ആവശ്യപ്പെട്ടു. വിദ്യാർഥികളെ നാട്ടിലെത്തിക്കുമെന്ന സർക്കാർ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കുവേണ്ടി പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിൻറെ തന്നെ ആവശ്യം കേന്ദ്രം അംഗീകരിച്ച സന്ദർഭത്തിൽ മുഖ്യമന്ത്രി നടത്തുന്ന വാഗ്ദാനലംഘനം വിദ്യാർത്ഥികളോടുള്ള വഞ്ചനയാണെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ച തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ആദിൽ അബ്ദുൽ റഹീം പറഞ്ഞു. 15 ലക്ഷം രൂപ കെട്ടിവയ്ക്കാനില്ല എന്ന അനാവശ്യ വാദമാണ് സർക്കാർ ഉന്നയിക്കുന്നത്. വിദ്യാർത്ഥികൾ സ്വയം തന്നെ മുഴുവൻ തുകയും നൽകാമെന്ന് പറഞ്ഞിട്ടും അതിനു വഴങ്ങാതിരുന്ന സർക്കാർ വിലകുറഞ്ഞ രാഷ്ട്രീയമാണ് കളിക്കുന്നത്.

വിദ്യാർത്ഥികൾ ഉൾപ്പെടെ ട്രെയിൻ യാത്രക്കാരുടെ വിശദമായ ലിസ്റ്റ് തയ്യാറാക്കി റെയിൽവേക്ക് കൈമാറിയ ശേഷം മുഖ്യമന്ത്രി ഏകപക്ഷീയമായി സ്വീകരിച്ച നിലപാട് പ്രതിഷേധാർഹമാണ്. മലയാളി വിദ്യാർത്ഥികൾക്ക്‌ സഹായകരമായ പ്രവർത്തിക്കേണ്ട കേരള ഹൗസ് പ്രസ്തുത വിഷയത്തിൽ സ്വീകരിച്ച നിഷേധാത്മക നിലപാട് ഉചിതമല്ല. വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ ഡൽഹി സർക്കാറുമായി പ്രസ്തുത വിഷയത്തിൽ ആശയവിനിമയം നടത്തണം. കാൽനട ആയിട്ടാണെങ്കിലും നാട്ടിലേക്ക് എത്തിച്ചേരുമെന്ന് പ്രഖ്യാപിച്ച വിദ്യാർഥികൾക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ഐക്യദാർഢ്യം അറിയിക്കുന്നു. കോവിഡിന്റെ പ്രതിസന്ധിയിൽ നാട്ടിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടി ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ അനുവദിക്കാൻ കേന്ദ്രത്തോട് സംസ്ഥാന സർക്കാർ അടിയന്തരമായി ആവശ്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.